Sunday, 5 November 2017

എന്റെ ദൈവം

ജീവിതത്തോട് മുഖാമുഖം നിൽക്കാനും 
വേദനകളോട് അഗ്നിയായിപ്പൊരുതാനും
ഇടവഴികളിൽ കാലിടറാതിരിക്കാനും 
സ്വപ്നങ്ങൾക്കുവേണ്ടി പതറാതെ കുതിക്കാനും
പ്രവർത്തികളിൽ നന്മ കാക്കാനും
മനുഷ്യത്വത്തെ മാനിക്കാനും 
എന്നെ പഠിപ്പിച്ച 
കൺകണ്ട ദൈവമാണ്
എന്റെ അമ്മൂമ്മ 

Tuesday, 11 July 2017

ഭൂമിയിലെ മാലാഖാമാർക്കു എന്റെ ഐക്യദാർഢ്യം

നിങ്ങളുടെ പോരാട്ടത്തിൽ എന്റെ എല്ലാവിധ പിന്തുണയും പ്രാർത്ഥനയും ഉണ്ട്. നിങ്ങൾ വിജയിക്കട്ടെ.

ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ നിങ്ങളുടെ സമരം കാണാനിടയായി. നന്മയുടെ വെള്ള പുറംചട്ടയണിഞ്ഞു, ഉള്ളിൽ വർധിത വീര്യത്തോടെ പൊരുതുന്ന നിങ്ങളെ കണ്ടപ്പോൾ, സത്യം പറയട്ടെ, എനിക്ക് അഭിമാനം തോന്നി. നിങ്ങളുടെ സ്വരം പ്രതിബന്ധങ്ങളെ തകർക്കാൻ പോന്നവയാണ്. അങ്ങനെ തന്നെ സംഭവിക്കട്ടെ.

ഒരുതരത്തിൽ, ഈ നിലയിൽ നിങ്ങളുടെ പോരാട്ടം എത്തിപ്പെട്ടത് നന്നായി എന്ന് എനിക്ക് തോന്നുന്നു. കാരണം നിങ്ങളുടെ വീര്യം നിങ്ങൾക്കും അതേപോലെ നിങ്ങൾക്ക് നേരെ കണ്ണടച്ചവർക്കും വളരെയധികം ബോധ്യമാകുന്ന ഒരു നിമിഷമായിരിക്കും ഇത്.

ചൂഷകന്റെ കയ്യിലെ കളിക്കോപ്പിൽ നിന്നും സംഘടിത ശക്തിയുടെ വിജയമായി മാറട്ടെ നിങ്ങൾ.

നിങ്ങളുടെ വിജയത്തിനായി കാതോർക്കുന്നു.......

Friday, 28 April 2017

കന്യാകുമാരി

സൂര്യൻ ഉദിച്ചുയരുന്നേയുള്ളൂ. പനങ്കാടുകൾക്കിടയിലൂടെ ഞാൻ യാത്ര ആരംഭിച്ചിരുന്നു. വിജനമായ വഴികൾ....

മാസ്മരികമായ എന്തോ ഒന്ന് എന്നെ അവിടേക്കു ആകർഷിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ തീരമണഞ്ഞപ്പോൾ, മാസ്മരികത, പ്രണയമായി എന്നിൽ രൂപാന്തരം പ്രാപിക്കുന്നത് ഞാൻ അറിഞ്ഞു. തീവ്രമായി തീരത്തെ ചുംബിക്കുന്ന കന്യാകുമാരിയിലെ തിരകൾ എന്റെ ഹൃദയത്തേയും മഥിച്ചു, പ്രണയാതുരമായി......

സൂര്യൻ തലയ്ക്കു മീതെ കത്തിയെരിയുമ്പോഴും കന്യാകുമാരിയിലെ തിരകളുടെ പ്രണയഗീതം മാത്രമേ എനിക്ക് കേൾക്കാൻ കഴിഞ്ഞുളളൂഅരുണിമശോഭ പടർത്തി ഒടുവിൽ മറയുമ്പോൾ വിരഹത്തിന്റെ ഒരു ഗന്ധം എന്നെ പൊതിഞ്ഞു.

എന്നാൽ വിരഹത്തിലും പ്രണയമുണ്ടെന്ന് ഞാൻ അനുഭവിക്കുന്നതും കന്യാകുമാരിയിലൂടെ തന്നെ


ജീവിതം പ്രണയമായും, പ്രണയം ലഹരിയായും, ലഹരി കന്യാകുമാരിയായും വളരെ വേഗം എന്നിൽ രൂപാന്തരം പ്രാപിച്ചു.  

Tuesday, 24 January 2017

അമ്മുവും അപ്പുവും എന്നോട് പറഞ്ഞത്..........

ഇരുളിന് നേരെ ഞങ്ങൾ കണ്ണുകൾ മുറുക്കി അടച്ചു. ഞങ്ങൾക്ക് പേടിയായിരുന്നു. അമ്മൂമ്മ പറഞ്ഞു തന്ന യക്ഷിക്കഥകളിലെ നീണ്ട ദംഷ്ട്രകളും ചുവന്ന കണ്ണുകളും  കൂർത്ത നഖങ്ങളുമുള്ള ഭീകര സ്വരൂപങ്ങൾ മനുഷ്യരുടെ ചോര കുടിക്കാൻ പാലപ്പൂ മണമുള്ള രാത്രികളിൽ അഴിഞ്ഞുലഞ്ഞ മുടിവിടർത്തി നിലത്തു തൊടാതെ വരുമെന്ന് കുട്ടിക്കാലം മുതലേ മനസ്സിൽ ഉറച്ചു പോയ വിശ്വാസമാണ്. അതുകൊണ്ട് ഞങ്ങൾ ഇരുളിൽ കണ്ണുകൾ മുറുക്കിയടച്ചു.

നിർഭാഗ്യകരമെന്നു പറയട്ടെ, കണ്ണുകൾ വിടർത്തുന്ന  പകലുകളിൽ ഞങ്ങൾ ഈ രൂപങ്ങൾ കണ്ടു എപ്പോഴും ഭയപ്പെടുന്നു. അന്ന് ആ സ്വരൂപങ്ങൾ നീലിയും, ചാത്തനും, മാടനും, മറുതയും ഒക്കെ ആയിരുന്നെങ്കിൽ ഇന്ന് അവയുടെ പേര് ജാതിയെന്നും മതമെന്നും വർണമെന്നും ഒക്കെയാണ്. പിന്നെ നമ്മെ ഇല്ലായ്മ ചെയ്യുന്ന ഭീകരതക്കും മൂർച്ഛയേറി.

ഇന്ന് ഞങ്ങൾ ശൂന്യതയിലൂടെ ഓടുകയാണ്, ഒളിച്ചിരിക്കാൻ ഇടമില്ലാതെ........

അകലേക്ക്...... അകലേക്ക്....... വെറുതെ പായുന്നു.


Wednesday, 26 October 2016

ഹൃദയത്തിലെ ഒരു പോറൽ

വികസനം വികസനം വികസനം
എന്ന് പറയുന്നതാണത്രേ ഇന്നത്തെ ചില വികസനങ്ങൾ

കഠിനമായി പ്രയത്നിക്കുന്നവൻ ചെളിക്കുണ്ടിലും
വാചക വിദഗ്ധൻ വാഴ്ത്തപ്പെട്ടവനുമാകുന്ന കാലം

നേരിൽ കാണുന്നതും നേരിട്ടനുഭവിക്കുന്നതുമല്ല,
വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഥ്യകളാണ്
ഇന്നത്തെ സത്യങ്ങൾ

മാനവരാശിയുടെ അധഃപതനമാണല്ലോ
ഇന്നെൻറെ കണ്ണാടിയിൽ തെളിയുന്നത് 

Saturday, 17 September 2016

OSHO

“Experience life in all possible ways
– good, bad, bitter – sweet, dark, light, summer, winter.
Experience all the dualities.
Don’t be afraid of experience
Because the more experience you have,
the more mature you become”
                              
                                    - OSHO

ഞാൻ ഓഷോയെ പ്രണയിക്കുന്നു
ഞാൻ ജീവിതത്തെ പ്രണയിക്കുന്നു 

Saturday, 3 September 2016

ഇന്നത്തെ ചിന്താ വിഷയം

കഴിഞ്ഞ ദിവസം നടന്ന ഒരു സാമൂഹിക ഓഡിറ്റ് ആണ് ഇന്നത്തെ ചിന്താ വിഷയം.

സ്ഥാപനത്തിലെ കോൺഫറൻസ് ഹാൾ ആണ് താരം. ഇതിനെ ഓഡിറ്റിന് വിധേയമാക്കാൻ രാവിലെ തന്നെ ഓഡിറ്റർമാർ സ്ഥാപനത്തിലേക്കെത്തി. ഹാളിനെ സംബന്ധിച്ച, കൈയ്യിൽകിട്ടിയ എല്ലാ രേഖകളും പരിശോധിച്ചുകഴിഞ്ഞു ഓഡിറ്റർമാർ ഫീൽഡിലേക്കിറങ്ങി. പരിസരത്തെ ജനങ്ങളോട് അവർ ഹാളിനെക്കുറിച്ചു വിശദമായിത്തന്നെ ചോദിച്ചു. എല്ലാവരും അതേപ്പറ്റി നല്ല അഭിപ്രായം പറഞ്ഞതിന് പിന്നാലെ ഓഡിറ്റർമാർ ഹാളിന്റെ നാല് ചുറ്റും കറങ്ങി പരിശോധിച്ചു. അപ്പോഴാണ് ഹാളിനനുബന്ധമായ വാഷ് കൗണ്ടറിനു ചുവട്ടിലായി ഒരു കടന്നൽക്കൂട്ഏതോ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്. അയാൾ അത് മറ്റു പലരെയും വിളിച്ചു കാണിച്ചു കൊടുത്തു. അങ്ങനെ ഇതേപ്പറ്റി അറിഞ്ഞു പലരും വന്നു കൂട് നോക്കുന്നകൂട്ടത്തിൽ മേൽപ്പറഞ്ഞ ഓഡിറ്റർമാരും വന്നു ഇതു നോക്കി  പോയി.

അന്ന് ഉച്ചക്ക് അവർ അവതരിപ്പിച്ച സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ഇപ്രകാരമായിരുന്നു (സാമൂഹിക ഓഡിറ്റ് കണ്ടെത്തലുകൾ എല്ലാം ഇവിടെ അവതരിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാൽ പ്രസ്തുത വിവരം മാത്രം സൂചിപ്പിക്കുന്നു).

സ്ഥാപനത്തിലെ കോൺഫറൻസ് ഹാളിലെ വാഷ് കൗണ്ടറിനു ചുവട്ടിലായി ഒരു കടന്നൽക്കൂട്കണ്ടെത്തി. പ്രദേശത്തെയും സ്ഥാപനത്തിലെയും നിരവധി മീറ്റിംഗുകൾ ഇവിടെ വച്ച് നടത്തുന്നതിനാൽ പങ്കെടുക്കുന്ന ജനങ്ങളെ കടന്നൽ കുത്താൻ സാധ്യത ഉണ്ട്. അതിനാൽ എത്രയും വേഗം അത് അവിടെ നിന്നും നീക്കം ചെയ്യേണ്ടതു സ്ഥാപനത്തിന്റെ ചുമതലയാണ്.

ഓഡിറ്റ് റിപ്പോർട്ട് അവതരണം കേൾക്കാൻ ആകാംഷയോടെ വന്നിരുന്ന മുൻഷി മാഷിന് അപ്പോൾ പെട്ടെന്നൊരു സംശയം.

കടന്നലുകൾ അപകടകാരികളെങ്കിൽ കൂടെ വന്നവരേയും, സ്വയം സംരക്ഷിക്കാനായും റിപ്പോർട്ട് അവതരിപ്പിച്ച ഓഡിറ്റർ എന്ത് ചെയ്തു?. വികാരമാണോ വിവേകമാണോ അത് കണ്ടെത്തിയ നേരം ഒരാളെ ഭരിക്കേണ്ടത്? സ്വയം ചെയ്യേണ്ടുന്ന കാര്യങ്ങൾ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാൻ നിർദ്ദേശിക്കലാണോ, പ്രിയപ്പെട്ട ഗാന്ധിജീ, താങ്കൾ ഇന്ത്യക്കാരെ പഠിപ്പിച്ചത്?

അപ്പോൾ തൊട്ടടുത്ത് മൊബൈലിൽ കുത്തിക്കൊണ്ടിരുന്ന ന്യൂ ജനറേഷൻ അപ്പുണ്ണി, മാഷിനോട് പറഞ്ഞു, "ഞങ്ങളുടെ ജയനണ്ണൻ (സിനിമാതാരം ജയസൂര്യ) റോഡ് നന്നാക്കിയിട്ടു എന്തായി. കുറെ പഴി കേൾക്കേണ്ടി വന്നില്ലേ ആദ്യം. പിന്നെ വിജയൻ മാമൻ (ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ) വരേണ്ടി വന്നു അണ്ണനെ പ്രോത്സാഹിപ്പിക്കാൻ".

അപ്പോൾ മുൻഷി മാഷിന് മനസ്സിലായി, 'പ്രോത്സാഹിപ്പിക്കാനില്ലെങ്കിൽ ഏതു കേമനും ഊമയാകുമെന്ന്!!!!!!!'.

ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ സി ഹാളിൽ മാത്രം ഇരുന്നു ശീലിച്ചിട്ടുള്ള  പ്രദേശത്തെ ജന്തു സംരക്ഷക ശ്രിമതി. രജനി ഹരിദാസൻ അപ്പോൾ അതു വഴി സി കാറിൽ പോകുകയായിരുന്നു. കടന്നലുകളെപ്പറ്റിയുള്ള റിപ്പോർട്ട് കേൾക്കാൻ ഇടയായ അവർ വേദി കയ്യേറി മൈക്ക് പിടിച്ചുവാങ്ങിയാണ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.


എന്തു തന്നെയായാലും അന്ന് വേദി പങ്കിട്ട എല്ലാവരും, റിപ്പോർട്ട് അവതരണം സഹിച്ച പൊതുജനങ്ങളും കുശാലായി ഭക്ഷണം കഴിച്ചു, കടന്നലുകൾ സുഖശയനം നടത്തുന്നയിടത്തുള്ള വാഷ് കൗണ്ടറിൽ പോയി കയ്യും കഴുകി പിരിഞ്ഞു. കഴിച്ച ഭക്ഷണത്തിന്റെ രുചി, കടന്നലുകൾ എന്ന തിക്തമായ ഓർമകളിൽ നിന്നും അകറ്റിയതിനാലാകണം, അവരാരും പിന്നെ വിഷയം ഓർത്തിട്ടുപോലുമില്ല.