Monday, 2 November 2015

നമുക്കു വേണം പ്രതീക്ഷയുടെ അഗ്നിച്ചിറകുകൾ

മൂന്ന് വർഷം മുമ്പ് നടന്ന ഒരു ഔദ്യോഗിക മീറ്റിംഗിൽ വച്ച് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഞാൻ ഇപ്രകാരം ചോദിച്ചു, "എന്ത് കൊണ്ട് നമുക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നല്ല പദ്ധതികൾ (ഞങ്ങളുടെ ഒരു പ്രോജക്ടിനു വേണ്ടി പൊതുജനങ്ങൾക്കു സേവനം പ്രദാനം ചെയ്യുന്ന ചില നിർമാണ പ്രവർത്തികൾ)  രൂപികരിക്കാൻ സാധിക്കുന്നില്ല. പുതിയൊരു സ്കീം വരുമ്പോഴേ അതിവിടെ നടപ്പിലാക്കാൻ കഴിയില്ല എന്നു പറഞ്ഞു, ഒന്ന് ശ്രമിക്കുക പോലും ചെയ്യാതെ, നമ്മൾ എന്ത് കൊണ്ട് അതിനെ തടയിടുന്നു. ആദ്യം മാറേണ്ടത് നമ്മുടെ മനോഭാവമാണ്. നമുക്ക് വേണ്ടത് പ്രതീക്ഷയാണ്”.
“When the world says give up ,
Hope whispers......... Try it one more time”

ഞാൻ ഇത്രയും പറഞ്ഞതും ഉദ്യോഗസ്ഥർ ഇരിപ്പിടങ്ങളിൽ നിന്നും ചാടി എഴുന്നേറ്റു നിന്ന് ആക്രോശിച്ചു, "  സർവീസിൽ കയറി ഇത്രയും നാളത്തെ അനുഭവ പരിചയമുള്ള ഞങ്ങളോട് ഇങ്ങനെ സംസാരിക്കാൻ ഇന്നലെ കയറിവന്ന നിങ്ങൾക്ക് എന്തു യോഗ്യതയാനുള്ളത്. ഒരു പദ്ധതി രൂപീകരിച്ചു നടപ്പിലാക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ ഞങ്ങൾ കുറെ അനുഭവിക്കുന്നതാണ്. അത് മനസ്സിലാക്കിയത്കൊണ്ട് തന്നെയാണ് ഞങ്ങൾ ഇതൊന്നും ഇവിടെ നടക്കില്ല എന്നു ഉറപ്പിച്ചു പറയുന്നത്. ഞങ്ങളെ നിങ്ങൾ പഠിപ്പിക്കാൻ നോക്കേണ്ട".

അപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തും, ഞാൻ പറഞ്ഞത് ശരിയാണെന്ന് ഉറച്ച വിശ്വാസമുള്ളതിനാലും തൽക്കാലത്തേക്ക് ഞാൻ അവിടെ നിന്നും പിൻവാങ്ങി.

പക്ഷെ തുടർന്നും ഞാൻ അവരെ പ്രോൽസാഹിപ്പിച്ചുകൊണ്ടേയിരുന്നു, നിങ്ങൾക്ക് ഒന്നല്ല, ഒരായിരം നല്ല പദ്ധതികൾ ഇവിടെ പൂർത്തീകരിക്കാൻ സാധിക്കും എന്ന്‌. അതിനായി ഞാനും അവരുടെ ഒപ്പം നിന്നു. നിർദേശങ്ങൾ കൈമാറിയും പുതിയ കാര്യങ്ങൾ പഠിച്ചും ഞങ്ങൾ പരസ്പര പൂരകങ്ങളായി പ്രവർത്തിച്ചു.

ഇന്ന് ഞങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങളുടെയുള്ളിൽ സന്തോഷത്തിന്റെ പേമാരി പെയ്തിറങ്ങുകയാണ്‌. എല്ലാവർക്കും അഭിമാനിക്കാൻ ഉതകുന്ന തരത്തിൽ ഇവിടെ കുറേ നല്ല പദ്ധതികൾ നടപ്പിലായിക്കഴിഞ്ഞു. ഇനിയും നടപ്പിലാക്കാൻ ഓരോരുത്തരും ഉത്സാഹിക്കുന്നു.

ഇപ്പോൾ ചില നേരങ്ങളിൽ ഞാൻ നിമിഷങ്ങൾ ഓർക്കാറുണ്ട്, മൂന്നു  വർഷം മുമ്പ് നടന്ന മീറ്റിങ്ങിലെ ചൂട് പിടിച്ച നിമിഷങ്ങൾ.

നമ്മൾ വിചാരിച്ചാൽ നമുക്ക് നേടാൻ പറ്റാത്തതായി ഒന്നുമില്ല. നമ്മിലെ പ്രതീക്ഷയെ ഊതിക്കെടുത്താതിരുന്നാൽ മതി. എന്നാൽ അവ നമ്മിലെ ഇച്ഛാശക്തിയേയും ഞരമ്പുകളെയും ജ്വലിപ്പിച്ചു കൊള്ളും.

ഇന്നലെ എന്റെ ഒരു സുഹൃത്തു പറഞ്ഞു, "ആർക്കു വോട്ട് ചെയ്തിട്ടു എന്ത് പ്രയോജനം. നമ്മുടെ നാടിന്റെ ഗതി ഒരിക്കലും മാറാൻ പോകുന്നില്ല. ഇവിടെ ഒരു പുരോഗതിയും ഉണ്ടാകില്ല" എന്ന്‌.

ഞാൻ അവൾക്കു ഒരു flash back movie play ചെയ്തു കൊടുത്തുഎന്നിട്ട് ആ കഥയുടെ അവസാനം ഇങ്ങനെ എഴുതി ചേർത്തു.


“Hope is the power that gives a person the confidence to step out and try”

Tuesday, 15 September 2015

YOU WILL NEVER BE THE SAME

"യാത്രകളിൽ ഞാൻ ഒരു പുസ്തകം കരുതാറുണ്ട്‌. അവ എന്റെ കണ്ണുകൾക്ക്നേരെ തുറന്നു വച്ചിരിക്കുന്നത് മറ്റുള്ളവരിൽ നിന്നും എന്നിലേക്ക്നീളുന്ന ചോദ്യങ്ങളെ തടയുന്നതിന്നുള്ള ഒരു മതിൽക്കെട്ട് പോലെയാണ്. എനിക്ക് ആരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനല്ല, ചുറ്റും നടക്കുന്ന ചലനങ്ങൾ വീക്ഷിക്കാനാണ് താൽപര്യം".  ഇത് പറഞ്ഞത് എന്റെ ഒരു സൈക്കോളജി പ്രൊഫസർ ആണ്. അതേ താല്പ്പര്യത്തിന്റെ ചുവടുപിടിച്ചത് കൊണ്ടാകാം  ഇന്ന് എന്റെ ഓരോ യാത്രകളും ഓരോ അനുഭവങ്ങളാകുന്നത്.

കഴിഞ്ഞ മാസം ഔദ്യോഗിക ആവശ്യത്തിനായി എനിക്ക് കടയ്ക്കാവൂരിൽ പോകേണ്ടിയിരുന്നു. അവിടെ നിന്നും തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ ഐലന്റ് എക്സ്പ്രസ്സ്ട്രെയിനിൽ  തിരക്ക് കുറഞ്ഞ ആ കമ്പാർട്ടുമെന്റിലെ എന്റെ സഹയാതികർ അന്ധരായ രണ്ടു യുവ അധ്യാപികമാരായിരുന്നു. കാഴ്ചകൾ ആലോസരപ്പെടുത്താത്തതിനാലാകാം  അവർ സംസാരിച്ചുകൊണ്ടേയിരുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന എനിക്ക് ഒരു വിഷയത്തിൽ നിന്നും മറ്റൊരു വിഷയത്തിലേക്കുള്ള അവരുടെ സംസാരപ്രവാഹം ഒരു അത്ഭുതമായി തോന്നി. ഒരുപക്ഷെ അവരുടെ സംസാരത്തിലെ നിഷ്കളങ്കത ആയിരുന്നിരിക്കണം എന്നെ അവരുടെ സംസാരത്തിലേക്കും ചലനങ്ങളിലേക്കും ശ്രദ്ധയൂന്നാൻ പ്രേരിപ്പിച്ചത്.

അന്ധയായതുകൊണ്ടുമാത്രം, തങ്ങളുടെ ഒരു കൂട്ടുകാരിക്ക് ട്രെയിൻ തന്റെ അടുത്തുകൂടെ വരുന്നത് അറിയാൻ കഴിയാതിരുന്നതും, ട്രെയിൻ തട്ടി അവൾ മരണമടഞ്ഞതും ഒക്കെ അവർ വേദനയോടെ പറയുന്നുണ്ടായിരുന്നു. ഒപ്പം, തങ്ങളും ഇതേ ദുർവിധിക്കു ഒരുനാൾ പാത്രമായേക്കാം എന്ന ആശങ്കയും  അവർ പങ്കുവയ്ക്കാതിരുന്നില്ല. പക്ഷെ ആശങ്ക അവരുടെ ഹൃദയത്തെ തളർത്താതിരിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വേദനയുടെ വിഷയം വലിച്ചുകീറി അവർ നടന്നത് കാഴ്ചയേയും അന്ധതയേയും പറ്റിയുള്ള ഒരു വല്യ വ്യഖാനത്തിലേക്കാണ്.

നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ തങ്ങൾ പെടാപ്പാടുപെടുമ്പോൾ, അതിനേക്കാൾ പാടുപെട്ടു തങ്ങളെ  പറ്റിച്ചു ജീവിതം നയിക്കുന്ന, തങ്ങളുടെ അയൽക്കാരനും കൂടിയായ, പലവ്യഞ്ജന കടക്കാരന്റെ ചെയ്തികളെപ്പറ്റി അവർ അല്പം വേദനയോടെയും എന്നാൽ അതിലേറെ തമാശയോടെയും സംസാരിച്ചത് എന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി. സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പുപൊടിയും, തെയിലപ്പൊടിയും മാറ്റി ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ കൊടുക്കുമ്പോൾ അയാൾ മനസ്സിൽ ചിരിക്കുന്നുണ്ടാകാം, താൻ അന്ധതയെ കബളിപ്പിച്ചുവെന്നും, കൂടുതൽ ലാഭം നേടി എന്നും. പക്ഷെ അവരുടെ പുറം കാഴ്ചയ്ക്കേ മങ്ങൽ എറ്റിരുന്നുള്ളൂ. അവരുടെ ജ്വലിക്കുന്ന ഉൾക്കാഴ്ചയെപ്പറ്റി മനസ്സിലാക്കിയിരിക്കില്ല അയാൾ. ഒരുപക്ഷെ നമ്മളും.

ഒരു മനസാക്ഷിയും കൂടാതെ അയാൾ അവരെ കബളിപ്പിച്ചിട്ടും അയാളെപറ്റി പറയുമ്പോൾ അവരുടെ വാക്കുകളിൽ നിത്യജീവിതം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു മനുഷ്യനോടുള്ള സഹാനുഭൂതിയോ സ്നേഹമോ നിറഞ്ഞു നിന്നത് അക്ഷരാർഥത്തിൽ എന്നെ അത്ഭുതപ്പെടുത്തി

എന്തു വിശേഷം പങ്കുവയ്ക്കുമ്പോഴും അവരുടെ ചുണ്ടുകളിലെ പുഞ്ചിരി പ്രഭാതങ്ങളിലെ മഞ്ഞുകണങ്ങൾപോലെ ശോഭിച്ചു നിന്നു. പുഞ്ചിരിയിൽ എല്ലാമുണ്ടായിരുന്നു, ലോകത്തെ നേരിടാനുള്ള തന്റേടവും, ജീവിതത്തെ അതിന്റെ മുഴുവൻ ഭംഗിയോടെ ആസ്വദിക്കാനുള്ള കഴിവും, ആത്മധൈര്യവും എല്ലാം. കണ്ണുകളിൽ മാത്രമേ അന്ധത ബാധിച്ചിട്ടുള്ളൂ എന്നും, തങ്ങളുടെ ഹൃദയം കൊണ്ട് ലോകത്തെ മുഴുവൻ കാണുന്നുണ്ട് എന്നും അവർ പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു

സ്നേഹവും കരുണയുമാണ് ഒരുവനെ മനുഷ്യനാക്കുന്നത് എന്ന് എന്റെ അമ്മൂമ്മ എപ്പോഴും പറയുമായിരുന്നു. ജീവിതപന്ഥാവിലെ കല്ലുകളും മുള്ളുകളും കണ്ടു പകച്ചു നിന്ന ഒരവസരത്തിൽ എന്റെ സുഹൃത്ത്എന്നോട് പറയുകയുണ്ടായി, ജീവിതത്തെ ഭയപ്പെടുകയല്ല, ഒരു മന്ദഹാസത്തോടെ അതിനെ നേരിടുകയാണ് വേണ്ടത് എന്ന്. അധ്യാപികമാരുടെ സംസാരത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന എന്റെ മനസ്സിൽ ഇതൊക്കെ അപ്പോൾ തെളിഞ്ഞു വന്നത് സ്വാഭാവികം മാത്രം.

ഞാൻ അവരോടു ഒന്നും ചോദിച്ചില്ല, പറഞ്ഞതുമില്ല. പക്ഷെ ഞാൻ അവരിലൂടെ സഞ്ചരിക്കുകയായിരുന്നു.

അന്ധത അവരുടെ കണ്ണിന്റെ മാത്രം വൈകല്യമാണെന്നു എനിക്ക് മനസ്സിലായി. ജീവിതത്തെ ഒരു ചെറു പുഞ്ചിരിയോടെയും, സ്നേഹത്തോടെയും നേരിടുന്ന നിഷ്കളങ്കരായ   പനിനീർപുഷ്പങ്ങൾ ലോകത്തിന്റെ അധ്യാപകരാണ്. അവർ രചിക്കുന്ന പാഠങ്ങൾ അവരുടെ ജീവിതത്തിലൂടെ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.    

എന്റെ കയ്യിൽ അന്ന് ഞാൻ കരുതിയത്ഏത് പുസ്തകം ആണെന്ന് ഇപ്പോൾ ഓർക്കുന്നില്ല. പക്ഷെ അന്ന് ഞാൻ വായിച്ചു തീർത്തത്  Basilea Schlink ന്റെ You will never be the same എന്ന പുസ്തകം ആയിരുന്നു. അതിലെ താളുകൾ ഓരോന്നും ദൈവം ആയിരുന്നു എന്നെ വായിച്ചു കേൾപ്പിച്ചത്


ട്രെയിൻ തിരുവനനതപുരത്തു എത്തിയത് ഞാൻ അറിഞ്ഞതേയില്ല. ആൾക്കൂട്ടത്തിലൂടെ ഇറങ്ങുമ്പോഴും അവരുടെ ഒരിക്കലും തീരാത്ത വിശേഷങ്ങൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നുഅന്ധവിധ്യാലയത്തിലെ കുരുന്നുകളുടെ കുസൃതികളും, സഹ അധ്യാപകരുടെ വീട്ടുവിശേഷങ്ങളും, ഗവണ്മെന്റ് ആനുകൂല്യങ്ങളും, ..................

Saturday, 8 August 2015

നന്മയുടെ കണ്ണാടി

രണ്ടു മാസം മുമ്പ് ഒരു വൈകുന്നേരം. എനിക്കൊരു ഫോണ്‍ കാൾ വന്നു. എന്റെ അനുജന്റെ സുഹൃത്തായിരുന്നു വിളിച്ചത്. അവന്റെ അച്ഛന്റെ സുഹൃത്ത്‌, ഹൃദയ സംബന്ധമായ അസുഖത്താൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. ശസ്ത്രക്രിയക്കായി രക്തം ആവശ്യമാണ്‌. ഞാൻ എന്റെ സുഹൃത്തുക്കളെയും, കോളേജ് NSS ഭാരവാഹികളെയും, Blood Donors ഭാരവാഹികളെയും വിളിച്ചു. തൊട്ടടുത്ത രണ്ടു ദിവസങ്ങൾ അവധിയായതിനാൽ അധികം പേരും യാത്രയിലും മറ്റും ആയിരുന്നു. ഒടുവിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഒരു വൈദികനെ വളരെ പ്രതീക്ഷയോടെ ഞാൻ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ ബ്ലഡ്‌ ഗ്രൂപ്പും  രോഗിയുടെ ബ്ലഡ്‌ ഗ്രൂപ്പും  ഒന്നാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ പാതി സമാധാനമായി. ഞാൻ ആവശ്യം പറഞ്ഞപ്പോൾ തന്നെ അദ്ദേഹം എന്നോട് ചോദിച്ചു "നിന്റെ ആരെങ്കിലുമാണോ രോഗി". ഞാൻ പറഞ്ഞു "അല്ല". ഉടനെ അടുത്ത ചോദ്യം വന്നു "അയാൾക്ക്‌ എത്ര പ്രായം ഉണ്ട്". ഞാൻ പറഞ്ഞു "64". "സീരിയസ് ആണോ രോഗിയുടെ അവസ്ഥ. ബ്ലഡ്‌ കൊടുക്കാം, പക്ഷെ സർജറി കഴിഞ്ഞാൽ രക്ഷപ്പെടുമെന്നു ഉറപ്പാണോ" എന്നായി അടുത്ത ചോദ്യം. അവസാനമായി ഞാൻ ഇത്രയും പറഞ്ഞു ഫോണ്‍ വച്ചു "ഒരാൾക്ക്‌ അയാളുടെ അവസാന ശ്വാസം വരെയും എല്ലാ ശ്രേഷ്ടതയോടുകൂടിയും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു" എന്ന്. അദ്ദേഹത്തിൽ നിന്നുമുള്ള ഇത്തരത്തിലെ വാക്കുകൾ എന്നെ തളര്ത്തി എങ്കിലും സമയം ഒരു വല്യ ഖടകമായതിനാൽ ഞാൻ എന്റെ അടുത്ത സുഹൃത്തിലേക്ക് പാഞ്ഞു. ഒരാളിൽ നിന്നും മറ്റൊരാളിലേക്കുള്ള പാച്ചിലിനിടയിൽ എന്റെ മറ്റൊരു സുഹൃത്തായ അഭിലാഷ് വര്ഗീസിലേക്ക് എത്തിയത് രാത്രി 9.45 ന്. ഞാൻ രോഗിയുടെ അവസ്ഥ പറഞ്ഞു കഴിയുമ്പോഴേക്കും അഭിലാഷ് എന്നോട് ചോദിച്ചു "ഞാൻ നാളെ എവിടെയാണ് വരേണ്ടതെന്ന്". പിന്നെയെല്ലാം പെട്ടെന്നായിരുന്നു. രോഗിയുടെ ബന്ധുക്കൾ അഭിലാഷിനെ വിളിക്കുന്നു, അടുത്ത ദിവസം എന്റെ ഒരു ഓര്മ്മപ്പെടുതലിന്റെ ആവശ്യം പോലുമില്ലാതെ അഭിലാഷ് കൃത്യ സമയത്തുപോയി, തന്റെ സ്നേഹവും കരുതലും രക്തമായി പകര്ന്നു നല്കി, തിരിച്ചു വന്നു, എങ്ങോ ഉള്ള അറിയാത്ത ഒരാൾക്ക്‌ വേണ്ടി...

അതാണ്‌ നന്മ. ആ നന്മയ്ക്കു മുന്നിൽ ഞാൻ മുട്ടുമടക്കുന്നു.

പ്രിയപ്പെട്ട എന്റെ സുഹൃത്തേ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആ നന്മയുടെ പ്രഭാവലയം എന്നും നയിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

നമ്മൾ കാണാതെ പോകുന്ന, നമ്മൾ അറിയാതെ പോകുന്ന എത്രയോ ഇത്തരം നന്മകൾ.....

നന്മയുടെ ഇത്തരം നാളങ്ങൾ ഈ ലോകത്തിന്റെ ഇരുട്ട് മായ്ച്ചു കളയട്ടെ.