Thursday 14 January 2016

ചിരിക്കുന്ന മുഖങ്ങളാണ് എനിക്കേറെയിഷ്ടം

മായ, അതാണവളുടെ പേര്. വര്ഷങ്ങളായി എനിക്ക് അറിയുന്നതാണ് അവളെയും അവളുടെ കുടുംബത്തെയും. അഞ്ചു മാസങ്ങൾക്കു മുൻപ് അവളുടെ വിവാഹം കഴിഞ്ഞു.   

അവളുടെ അച്ഛൻ ടാക്സി ഡ്രൈവർ ആണ്. അയാളുടെ വരുമാനമാണ് വീട്ടിലെ ഏക ആശ്രയം. എങ്കിലും മകളുടെ വിവാഹം വളരെ ആഘോഷമായി, ആർഭാടമായി തന്നെ അച്ഛൻ നടത്തി. അമ്പതു പവൻ സ്വർണം, ഒരു വീട് - ഇതൊക്കെ മകൾക്കു അച്ഛൻ സമ്മാനമായി (പണ്ടത്തെ പേര് സ്ത്രീധനം. ഇപ്പോൾ അതിന്റെ ഓമനപ്പേര് സമ്മാനം) കൊടുത്തു. പരിചയക്കാരിൽ നിന്നും, ബാങ്കിൽ നിന്നും കടമെടുത്തായിരുന്നു ഇതൊക്കെ നിർവഹിച്ചത്.

വളരെ നാളുകൾക്കു ശേഷം അച്ഛനെ ഞാൻ കാണുമ്പോൾ അയാൾ മുഴുക്കുടിയനായി മാറിയിരുന്നു. വിവാഹത്തിന്റെ അനന്തര ഫലമായ കടക്കെണിമൂലം സ്വർഗ്ഗതുല്യമായ  കുടുംബം ഇപ്പോൾ ഇരുട്ടിന്റെ ആഴങ്ങൾ താണ്ടുകയാണ്.

ഞാൻ എന്റെ അമ്മയോട് ചോദിച്ചു, കയ്യിലില്ലാത്ത കാശുണ്ടാക്കി ഒരു വിവാഹം നടത്തേണ്ട കാര്യമുണ്ടോ എന്ന്. അപ്പോൾ അമ്മ പറഞ്ഞു, ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ അച്ഛനമ്മമാർ കഷ്ടതകൾ സഹിക്കേണ്ടതുണ്ട്, അതവരുടെ കടമയാണ് എന്ന്.

ഇത് ഒരു കുടുംബത്തിന്റെ കഥയല്ല. ഇതുപോലെ ഒത്തിരി കുടുംബങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. ഓരോ ദിവസവും കടത്തിന്റെ അസഹനീയ വേദനകളിലേക്കു മിഴി തുറക്കുന്നവർ. ഓരോ ദിവസവും ഭയത്തോടെ ജീവിക്കുന്നവർ.

ഞാൻ ആലോചിക്കാറുണ്ട്, എന്നാണ് ഇവരൊക്കെ ഒന്ന് ചിരിക്കുന്നത് എന്ന്. എന്നാണ് ഇവർ സമാധാനത്തിന്റെ പുലരികൾ കണികാണുന്നത് എന്ന്.

ജീവിതത്തിലിന്നുവരേയും  ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട് എന്റെ മനസ്സിൽ. അത് ഞാൻ നിങ്ങളുമായി പങ്കുവച്ചോട്ടെ..... (ഇത് ആരുടെയെങ്കിലും മനസ്സ് വിഷമിപ്പിക്കുമെങ്കിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു)


“ആവശ്യങ്ങൾ (അതോ ആർഭാടങ്ങളോ) നമ്മളെ വേദനിപ്പിക്കുമെങ്കിൽ അതിനോട് NO പറയാൻ  നമ്മൾ എന്തേ മടിക്കുന്നു?”

ഹൃദയം തുറന്നുള്ള ഒരു ചിരിയെ അറിഞ്ഞുകൊണ്ട് നമ്മൾ എന്തിനു കൊലപ്പെടുത്തുന്നു?


ചിരിക്കുന്ന മുഖങ്ങളാണ് എനിക്കേറെയിഷ്ടം. അത് ഒരു വിടർന്ന പൂപോലെ സുന്ദരമാണ്. സ്വർഗത്തിന്റെ ഒരു പ്രതിഫലനം പോലെ....