Tuesday, 23 February 2016

തിരുക്കുറൾ ഏഴാം അധികാരം, സത്പുത്രലാഭം

“ഉപലബ്ധിയിൽ ശ്രേഷ്ഠമറിവുറ്റമക്കൾ, ഉല-
കറിവീല മറ്റുള്ളതൊന്നും”.

ഒരുവന്റെ ജീവിതത്തിൽ കൈവരുന്ന നേട്ടങ്ങളിൽവച്ച് ഏറ്റവും ശ്രേഷ്ഠമായതു വിദ്വാന്മാരും പ്രഗൽഭരുമായ സന്താനങ്ങൾ മാത്രമാണ്. നേട്ടങ്ങൾ സ്വാഭാവികമായും വേറെയും പലതും ഉണ്ടാകാമല്ലോ. എന്നാൽ ലോകത്തിനു അതിലൊന്നും താല്പര്യമില്ല. ലോകം അത് അംഗീകരിക്കുന്നുമില്ല.


                                                                                                  -   എന്ന് തിരുക്കുറൾ

ഇത്തരുണത്തിൽ ഒരു പിതാവിന് തന്റെ പുത്രനോട് നിർവഹിക്കേണ്ട മുഖ്യമായ കടമ അവനെ അങ്ങേയറ്റം വിദ്യാ സമ്പന്നനാക്കുക എന്നതാണ്. വിദ്യ എന്നാൽ പുസ്തകത്തിനുള്ളിലെ അറിവ് മാത്രമല്ല. ഒരുവനിലെ നന്മയെ ഉദ്ധീപിപ്പിക്കാനായി ലോകത്തെയാകെ ആവാഹിച്ചു അവനിലേക്ക്നിറയ്ക്കുക കൂടിയാണ് 

അതിനാലാകണം  മകന്റെ നിഷ്കളങ്കമായ കൊഞ്ചലാർന്ന മൊഴികൾക്കായി അച്ഛൻ കാതോർക്കുന്നത്. അധ്വാനത്തിന്റെ അവശതകൾ മറന്നു അവന്റെ കുഞ്ഞു കുഞ്ഞു ചോദ്യങ്ങൾക്ക് മറുപടികൾ നല്കിക്കൊണ്ടേയിരിക്കുന്നത്. കാരണം അറിവുകൊണ്ട്മക്കൾ തന്നെക്കാൾ മേലെയാകണം എന്നേ ഏതൊരു അച്ഛനുമമ്മയും മോഹിക്കൂ.

ഓഫീസ് ജോലി കഴിഞ്ഞിറങ്ങുന്ന വൈകുന്നേരങ്ങളിൽ എന്റെ സ്ഥിരം കാഴ്ചയാണ് അച്ഛനും മകനും. അച്ഛന്റെ കൂടെയുള്ള സമയങ്ങളിൽ മുഴുവനും അവന്റെ സംശയ നിവാരണത്തിനുള്ള ഉപാധിയാണ് അവന്റെ അച്ഛൻ.

കേൾക്കുമ്പോൾ നിസ്സാരമെന്നു നമുക്ക് തോന്നുന്ന സംശയങ്ങൾ....പക്ഷെ അച്ഛന് അതെല്ലാം അമൂല്യങ്ങളാണ്.

ഞാൻ കുരുന്നിനെ കാണുന്നത് പല സാഹചര്യങ്ങളിലാണ്. ചിലപ്പോൾ നഴ്സറിയിൽ പോകാനായി അച്ഛന്റെ കയ്യിൽ തൂങ്ങി വരുന്നത് കാണാം. ചിലപ്പോൾ വീട്ടിലേക്കുള്ള മടക്കയാത്രയിൽ ബസ്സിലെ മുൻസീറ്റിൽ അച്ഛന്റെ മടിയിൽ ആയിരിക്കും. മറ്റുചിലപ്പോൾ അച്ഛന്റെ നെഞ്ചോട്ചേർന്നിരുന്നു തന്റെ ഉണ്ണിവയർ നിറയ്ക്കുന്ന കണ്ണനായി.

പക്ഷെ എല്ലാ സാഹചര്യങ്ങളിലും അവനു ഒരു ഭാവമേ ഉണ്ടാകാറുള്ളൂ. ലോകത്തിലെ എല്ലാറ്റിനെയും പറ്റി അറിയാനുള്ള ഭാവം.

ചുറ്റുമുള്ള ഞങ്ങളേയും, അവനോടുള്ള വാത്സല്യത്താൽ തുളുമ്പുന്ന ഞങ്ങളുടെ സ്വരങ്ങളേയും പറ്റി അവൻ അറിയുന്നതേയില്ല. അവന്റെ ചോദ്യങ്ങൾക്കുള്ള അവന്റെ അച്ഛന്റെ മറുപടികൾ മാത്രമാണ് എപ്പോഴും അവന്റെ കാതുകളിൽ, അവന്റെ അച്ഛന്റെ സാമീപ്യമാണ് എപ്പോഴും അവന്റെ ഹൃദയത്തിൽ. അതാണ്‌, അതുമാത്രമാണ് അവനെ നയിക്കുന്നത് എന്ന് എനിക്ക് തോന്നാറുണ്ട്

അവനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ അച്ഛന്റെ കണ്ണുകളിൽ മിന്നുന്ന നക്ഷത്രശോഭ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ലോകത്തുള്ളതിൽ വച്ചു തനിക്കു ഏറ്റവും അമൂല്യമായ സമ്പത്താണ്തന്റെ മകൻ എന്ന് അച്ഛൻ പറയാതെ പറയുന്നു.

കഥ കേൾക്കാൻ വളരെ ഇഷ്ടമാണത്രെ അവന്. തന്റെ കർണ്ണപുടങ്ങൾ നിശബ്ദത അറിയുന്നത് മകൻ ഉറങ്ങുമ്പോൾ മാത്രമാണ് എന്ന് അച്ഛൻ തമാശ രൂപേണ ചിലപ്പോൾ പറയാറുണ്ട്‌. അതുവരെ അവന് കഥ കേൾക്കണം, അവന്റെ സംശയങ്ങൾക്കു ദൂരീകരണം ലഭിക്കണം. ഞാൻ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്, ഇത്രയധികം കാര്യങ്ങൾ കുഞ്ഞു തലയിൽ എവിടെയാണാവോ സൂക്ഷിച്ചിരിക്കുന്നത് എന്ന്

ഒരിക്കലും തീരാത്ത ചോദ്യങ്ങളുമായി മകനും, സ്നേഹത്തിൽ ചാലിച്ച മറുപടികളുമായി അച്ഛനും ഒരു ജന്മ സൗഭാഗ്യം പോലെ കാലച്ചക്രത്തിൽ നീങ്ങുന്നു. അവന്റെ കരുത്തു അച്ഛനാണ്. അച്ഛന്റെ കരുത്തു മകനും.  

സാമൂഹികപ്രവർത്തകയും ഗവേഷകയുമായ എന്റെ ഒരു സുഹൃത്ത്തന്റെ അച്ഛനെക്കുറിച്ച് ഒരിക്കൽ എന്നോട് വാചാലയായത് ഞാൻ ഓര്ക്കുന്നു. അച്ഛൻ പകർന്നു തന്ന അറിവിന്റേയും നന്മയുടേയും ജ്വാലയാണ് ഏതു പ്രതിസന്ധിയിലും തന്നെ വാടാതെ കാക്കുന്നതും, ഏതിരുട്ടിലും തനിക്കു നക്ഷത്രത്തിരി കാട്ടുന്നതും എന്ന്.

അമ്മയും മക്കളും തമ്മിലുള്ള മൃദുലമായ സ്നേഹത്തെപ്പറ്റി നമ്മൾ ഒരുപാട് വായിച്ചിട്ടുണ്ടല്ലോ. എന്നാൽ അച്ഛനും മക്കളും തമ്മിലുള്ള ഒരു വൈകാരിക ബന്ധത്തെപ്പറ്റി വളരെ ആകാംഷയോടെയാണ് ഞാൻ ഓരോ തവണയും വായിക്കുന്നതും, അതെപ്പറ്റി ചിന്തിക്കുന്നതുംഅതുകൊണ്ടായിരിക്കാം അച്ഛനേയും മകനെയും ഞാൻ അറിയാതെ പിന്തുടർന്നുപോകുന്നത്.

മത വിദ്വേഷത്താൽ മലിനമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തേയും, മാലിന്യവാഹികളായ മനുഷ്യമനസ്സുകളേയും മലിനമുക്തമാക്കാൻ നിന്റെ അച്ഛൻ തന്ന കരുതലും, അറിവും, മകനേ, നിനക്ക് തുണയാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അറിവുകൊണ്ട്മക്കൾ ഉയർന്നവരാവുന്നതിൽ അച്ഛനമ്മമാരെക്കാൾ അധികം സന്തോഷിക്കുന്നത് ലോകത്തുള്ള മറ്റനേകം പേരാകാം. അവരുടെ വിദ്യാവൈദഗ്ദ്ധ്യം ലോകത്തിനാണല്ലോ അധികം പ്രയോജനപ്പെടുക എന്ന് തിരുക്കുറൾ സൂചിപ്പിക്കുന്നത് എത്ര അർത്ഥവത്താണ്.

" 'ഇവനേതു പുണ്യഫലം' എന്നുലകു വാഴ്ത്തുവതു
മകനച്ഛനേകുമുപകാരം"

മകനെ പ്രസവിക്കുവാൻ ഇവന്റെ അച്ഛൻ എന്തൊക്കെ നൊയമ്പുകളാണാവോ നോറ്റത്, എന്നൊക്കെ ലോകം അത്ഭുതാദരങ്ങളോടെ മകനെ നോക്കി വാഴ്ത്തുമാറാകണം. അങ്ങനെയൊരവസ്ഥ ഉണ്ടാക്കുക എന്നതു മാത്രമാണ് ഒരു മകൻ തന്റെ അച്ഛനു ചെയ്യേണ്ട ഉപകാരം.


                                                                                                     -   എന്ന് തിരുക്കുറൾ