രണ്ടു മാസം മുമ്പ് ഒരു വൈകുന്നേരം. എനിക്കൊരു ഫോണ്‍ കാൾ വന്നു. എന്റെ അനുജന്റെ സുഹൃത്തായിരുന്നു വിളിച്ചത്. അവന്റെ അച്ഛന്റെ സുഹൃത്ത്, ഹൃദയ സംബന്ധമായ അസുഖത്താൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. ശസ്ത്രക്രിയക്കായി രക്തം ആവശ്യമാണ്. ഞാൻ എന്റെ സുഹൃത്തുക്കളെയും, കോളേജ് NSS ഭാരവാഹികളെയും, Blood Donors ഭാരവാഹികളെയും വിളിച്ചു. തൊട്ടടുത്ത രണ്ടു ദിവസങ്ങൾ അവധിയായതിനാൽ അധികം പേരും യാത്രയിലും മറ്റും ആയിരുന്നു. ഒടുവിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഒരു വൈദികനെ വളരെ പ്രതീക്ഷയോടെ ഞാൻ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ ബ്ലഡ് ഗ്രൂപ്പും രോഗിയുടെ ബ്ലഡ് ഗ്രൂപ്പും ഒന്നാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ പാതി സമാധാനമായി. ഞാൻ ആവശ്യം പറഞ്ഞപ്പോൾ തന്നെ അദ്ദേഹം എന്നോട് ചോദിച്ചു "നിന്റെ ആരെങ്കിലുമാണോ രോഗി". ഞാൻ പറഞ്ഞു "അല്ല". ഉടനെ അടുത്ത ചോദ്യം വന്നു "അയാൾക്ക് എത്ര പ്രായം ഉണ്ട്". ഞാൻ പറഞ്ഞു "64". "സീരിയസ് ആണോ രോഗിയുടെ അവസ്ഥ. ബ്ലഡ് കൊടുക്കാം, പക്ഷെ സർജറി കഴിഞ്ഞാൽ രക്ഷപ്പെടുമെന്നു ഉറപ്പാണോ" എന്നായി അടുത്ത ചോദ്യം. അവസാനമായി ഞാൻ ഇത്രയും പറഞ്ഞു ഫോണ്‍ വച്ചു "ഒരാൾക്ക് അയാളുടെ അവസാന ശ്വാസം വരെയും എല്ലാ ശ്രേഷ്ടതയോടുകൂടിയും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു" എന്ന്. അദ്ദേഹത്തിൽ നിന്നുമുള്ള ഇത്തരത്തിലെ വാക്കുകൾ എന്നെ തളര്ത്തി എങ്കിലും സമയം ഒരു വല്യ ഖടകമായതിനാൽ ഞാൻ എന്റെ അടുത്ത സുഹൃത്തിലേക്ക് പാഞ്ഞു. ഒരാളിൽ നിന്നും മറ്റൊരാളിലേക്കുള്ള പാച്ചിലിനിടയിൽ എന്റെ മറ്റൊരു സുഹൃത്തായ അഭിലാഷ് വര്ഗീസിലേക്ക് എത്തിയത് രാത്രി 9.45 ന്. ഞാൻ രോഗിയുടെ അവസ്ഥ പറഞ്ഞു കഴിയുമ്പോഴേക്കും അഭിലാഷ് എന്നോട് ചോദിച്ചു "ഞാൻ നാളെ എവിടെയാണ് വരേണ്ടതെന്ന്". പിന്നെയെല്ലാം പെട്ടെന്നായിരുന്നു. രോഗിയുടെ ബന്ധുക്കൾ അഭിലാഷിനെ വിളിക്കുന്നു, അടുത്ത ദിവസം എന്റെ ഒരു ഓര്മ്മപ്പെടുതലിന്റെ ആവശ്യം പോലുമില്ലാതെ അഭിലാഷ് കൃത്യ സമയത്തുപോയി, തന്റെ സ്നേഹവും കരുതലും രക്തമായി പകര്ന്നു നല്കി, തിരിച്ചു വന്നു, എങ്ങോ ഉള്ള അറിയാത്ത ഒരാൾക്ക് വേണ്ടി...
അതാണ് നന്മ. ആ നന്മയ്ക്കു മുന്നിൽ ഞാൻ മുട്ടുമടക്കുന്നു.
പ്രിയപ്പെട്ട എന്റെ സുഹൃത്തേ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആ നന്മയുടെ പ്രഭാവലയം എന്നും നയിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
നമ്മൾ കാണാതെ പോകുന്ന, നമ്മൾ അറിയാതെ പോകുന്ന എത്രയോ ഇത്തരം നന്മകൾ.....
നന്മയുടെ ഇത്തരം നാളങ്ങൾ ഈ ലോകത്തിന്റെ ഇരുട്ട് മായ്ച്ചു കളയട്ടെ.
അതാണ് നന്മ. ആ നന്മയ്ക്കു മുന്നിൽ ഞാൻ മുട്ടുമടക്കുന്നു.
പ്രിയപ്പെട്ട എന്റെ സുഹൃത്തേ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആ നന്മയുടെ പ്രഭാവലയം എന്നും നയിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
നമ്മൾ കാണാതെ പോകുന്ന, നമ്മൾ അറിയാതെ പോകുന്ന എത്രയോ ഇത്തരം നന്മകൾ.....
നന്മയുടെ ഇത്തരം നാളങ്ങൾ ഈ ലോകത്തിന്റെ ഇരുട്ട് മായ്ച്ചു കളയട്ടെ.