Friday, 13 May 2016

സ്ത്രീ

ഞാനൊരു സ്ത്രീയാണ്.
കോടിക്കണക്കിനു സ്ത്രീകളുടെ പ്രതിനിധി

കണ്ണുകളിൽ പതർച്ചയും,
ഹൃദയത്തിൽ ഭയവുമായി
ജീവിക്കേണ്ടിവരുന്ന 
അനേകം ദൗർഭാഗ്യവതികളിൽ  ഒരുവൾ

എനിക്കിപ്പോൾ രാത്രിയെ പേടിയാണ്,
പകലിനേയും.
എനിക്കിപ്പോൾ അപരിചിതരെ പേടിയാണ്,
പരിചിതരേയും.

ഓരോ നിഴലിനെയും ഭയത്തോടെ നോക്കുന്ന;
ഓരോ ചെറു ഒച്ചയിലും ഞെട്ടലോടുണരുന്ന
നിങ്ങളിൽ ഒരുവൾ

ജിഷയുടെ അവസ്ഥ നമ്മെ ഒരു കാര്യം പഠിപ്പിച്ചു.
നമ്മെ സംരക്ഷിക്കാൻ നാം മാത്രമേയുള്ളൂ

നമ്മെ പിഴപ്പിക്കുന്നവൻ ഒന്നുകിൽ രക്ഷപ്പെടുന്നു,
അല്ലെങ്കിൽ ജയിലിൽ കിടന്നു തിന്നു കൊഴുക്കുന്നു.
പിന്നീടൊരുനാൾ ഇതേ സമൂഹത്തിൽ
ചോരക്കണ്ണുകളുമായി
അടുത്ത ഇരയ്ക്കായി പതിയിരിക്കുന്നു

നമ്മൾ എന്നും ഇരകളായി,
രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്കായി
,
പൊതു ഇടങ്ങളിലെ സഹതാപ പോസ്റ്റെറുകളായി
,
പിന്നീടൊരുനാൾ കുപ്പയായി
സ്വന്തം കണ്ണീർചാലിൽ ഒഴുകിപ്പോകുന്നു

നമ്മുടെ ആകുലതകളെ ഇല്ലായ്മ ചെയ്യാൻ
നമ്മുടെ ഭയത്തെ തുടച്ചു നീക്കാൻ
ഇന്ന് നമുക്ക് ആരുമില്ലാതായിരിക്കുന്നു

നമ്മെ സംരക്ഷിക്കേണ്ട നിയമത്തിന്റെ കൈകൾ
അശക്തമായിക്കൊണ്ടിരിക്കുമ്പോൾ,
സ്ത്രീയേ,
നിന്റെ ശരീരമൊന്നാകെ
പുറമേയ്ക്ക് തുറന്നു പിടിക്കേണ്ട കണ്ണുകളായി
പരിണമിക്കേണ്ടിയിരിക്കുന്നു

വന്യതയിൽ വിരിയുന്ന കാമാസ്ത്രങ്ങൾക്കു നേരെ 
സ്വയം നീ 
ഒരു മൂർച്ചയേറിയ ആയുധമായി രൂപപ്പെടുക

നിന്നെ ഇരുകൈകളാലും പൊതിഞ്ഞു,
നിനക്ക് ഞാനുണ്ടെന്ന്
,
നിന്റെ സംരക്ഷണം 
എന്റെ ഉത്തരവാദിത്തമാണെന്നു ചൊല്ലുമ്പോൽ,
നിനക്കായി
,
ശക്തമായ നിയമങ്ങൾ പിറവിയെടുക്കട്ടെ


കണ്ണ് കൊണ്ടുപോലും സ്ത്രീയെ 
പിഴപ്പിക്കുന്നവനെ ഇല്ലായ്മ ചെയ്യുന്ന
ആ നിയമം വരുന്നവരേയ്ക്കും,
പെണ്ണേ,
നമുക്കുറങ്ങാതിരിക്കാം