കഴിഞ്ഞ
ദിവസം നടന്ന ഒരു സാമൂഹിക
ഓഡിറ്റ് ആണ് ഇന്നത്തെ
ചിന്താ വിഷയം.
സ്ഥാപനത്തിലെ
കോൺഫറൻസ് ഹാൾ ആണ് താരം.
ഇതിനെ ഓഡിറ്റിന് വിധേയമാക്കാൻ രാവിലെ
തന്നെ ഓഡിറ്റർമാർ സ്ഥാപനത്തിലേക്കെത്തി. ഹാളിനെ
സംബന്ധിച്ച, കൈയ്യിൽകിട്ടിയ എല്ലാ രേഖകളും പരിശോധിച്ചുകഴിഞ്ഞു
ഓഡിറ്റർമാർ ഫീൽഡിലേക്കിറങ്ങി. പരിസരത്തെ ജനങ്ങളോട് അവർ
ഈ ഹാളിനെക്കുറിച്ചു വിശദമായിത്തന്നെ
ചോദിച്ചു. എല്ലാവരും അതേപ്പറ്റി നല്ല
അഭിപ്രായം പറഞ്ഞതിന് പിന്നാലെ ഓഡിറ്റർമാർ
ഈ ഹാളിന്റെ നാല്
ചുറ്റും കറങ്ങി പരിശോധിച്ചു. അപ്പോഴാണ്
ഹാളിനനുബന്ധമായ വാഷ് കൗണ്ടറിനു ചുവട്ടിലായി
ഒരു കടന്നൽക്കൂട് ഏതോ
ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്. അയാൾ അത് മറ്റു
പലരെയും വിളിച്ചു കാണിച്ചു കൊടുത്തു.
അങ്ങനെ ഇതേപ്പറ്റി അറിഞ്ഞു പലരും
വന്നു ആ കൂട്
നോക്കുന്നകൂട്ടത്തിൽ മേൽപ്പറഞ്ഞ ഓഡിറ്റർമാരും വന്നു
ഇതു നോക്കി പോയി.
അന്ന്
ഉച്ചക്ക് അവർ അവതരിപ്പിച്ച
സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ഇപ്രകാരമായിരുന്നു
(സാമൂഹിക ഓഡിറ്റ് കണ്ടെത്തലുകൾ എല്ലാം ഇവിടെ അവതരിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാൽ പ്രസ്തുത വിവരം മാത്രം സൂചിപ്പിക്കുന്നു).
സ്ഥാപനത്തിലെ കോൺഫറൻസ് ഹാളിലെ വാഷ് കൗണ്ടറിനു
ചുവട്ടിലായി ഒരു കടന്നൽക്കൂട്
കണ്ടെത്തി. പ്രദേശത്തെയും സ്ഥാപനത്തിലെയും നിരവധി മീറ്റിംഗുകൾ ഇവിടെ
വച്ച് നടത്തുന്നതിനാൽ പങ്കെടുക്കുന്ന ജനങ്ങളെ കടന്നൽ കുത്താൻ
സാധ്യത ഉണ്ട്. അതിനാൽ എത്രയും
വേഗം അത് അവിടെ
നിന്നും നീക്കം ചെയ്യേണ്ടതു സ്ഥാപനത്തിന്റെ ചുമതലയാണ്.
ഓഡിറ്റ്
റിപ്പോർട്ട് അവതരണം കേൾക്കാൻ ആകാംഷയോടെ
വന്നിരുന്ന മുൻഷി മാഷിന് അപ്പോൾ
പെട്ടെന്നൊരു സംശയം.
കടന്നലുകൾ
അപകടകാരികളെങ്കിൽ കൂടെ വന്നവരേയും, സ്വയം സംരക്ഷിക്കാനായും റിപ്പോർട്ട്
അവതരിപ്പിച്ച ഓഡിറ്റർ എന്ത് ചെയ്തു?.
വികാരമാണോ വിവേകമാണോ അത് കണ്ടെത്തിയ
നേരം ഒരാളെ ഭരിക്കേണ്ടത്?
സ്വയം ചെയ്യേണ്ടുന്ന കാര്യങ്ങൾ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാൻ
നിർദ്ദേശിക്കലാണോ, പ്രിയപ്പെട്ട ഗാന്ധിജീ, താങ്കൾ ഇന്ത്യക്കാരെ
പഠിപ്പിച്ചത്?
അപ്പോൾ
തൊട്ടടുത്ത് മൊബൈലിൽ കുത്തിക്കൊണ്ടിരുന്ന ന്യൂ
ജനറേഷൻ അപ്പുണ്ണി, മാഷിനോട് പറഞ്ഞു,
"ഞങ്ങളുടെ ജയനണ്ണൻ (സിനിമാതാരം ജയസൂര്യ)
റോഡ് നന്നാക്കിയിട്ടു എന്തായി.
കുറെ പഴി കേൾക്കേണ്ടി
വന്നില്ലേ ആദ്യം. പിന്നെ വിജയൻ
മാമൻ (ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ)
വരേണ്ടി വന്നു അണ്ണനെ പ്രോത്സാഹിപ്പിക്കാൻ".
അപ്പോൾ
മുൻഷി മാഷിന് മനസ്സിലായി, 'പ്രോത്സാഹിപ്പിക്കാനില്ലെങ്കിൽ
ഏതു കേമനും ഊമയാകുമെന്ന്!!!!!!!'.
ഫൈവ്
സ്റ്റാർ ഹോട്ടലുകളിലെ എ സി
ഹാളിൽ മാത്രം ഇരുന്നു ശീലിച്ചിട്ടുള്ള പ്രദേശത്തെ
ജന്തു സംരക്ഷക ശ്രിമതി. രജനി
ഹരിദാസൻ അപ്പോൾ അതു വഴി
എ സി കാറിൽ
പോകുകയായിരുന്നു. കടന്നലുകളെപ്പറ്റിയുള്ള റിപ്പോർട്ട് കേൾക്കാൻ ഇടയായ അവർ
വേദി കയ്യേറി മൈക്ക്
പിടിച്ചുവാങ്ങിയാണ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.
എന്തു തന്നെയായാലും അന്ന് വേദി പങ്കിട്ട
എല്ലാവരും, റിപ്പോർട്ട് അവതരണം സഹിച്ച പൊതുജനങ്ങളും
കുശാലായി ഭക്ഷണം കഴിച്ചു, കടന്നലുകൾ
സുഖശയനം നടത്തുന്നയിടത്തുള്ള വാഷ് കൗണ്ടറിൽ പോയി
കയ്യും കഴുകി പിരിഞ്ഞു. കഴിച്ച
ഭക്ഷണത്തിന്റെ രുചി, കടന്നലുകൾ എന്ന
തിക്തമായ ഓർമകളിൽ നിന്നും അകറ്റിയതിനാലാകണം, അവരാരും പിന്നെ ആ
വിഷയം ഓർത്തിട്ടുപോലുമില്ല.