Sunday, 10 November 2019

കൃഷ്ണനും രാധയും 


പുല്ലാംകുഴൽ നാദത്തിൽ മതിമറന്നു കൃഷ്ണന്റെ മടിയിൽ ശയിക്കുകയായിരുന്നു രാധ.

കൃഷ്ണൻ: പ്രിയ രാധേ, നീ കുറച്ചുകൂടി യവ്വന തീക്ഷ്ണയാകണം.

രാധ: കണ്ണാ, അതിനെന്റെ ബാല്യം പോലും ഇനിയും പൂർണത നേടിയിട്ടില്ലല്ലോ. ബാല്യത്തിന്റെ ആവരണത്തിനുള്ളിൽനിന്നും  പുറത്തു വരാൻ എന്നെ നീ  സഹായിച്ചാൽ, പൂർണ്ണതയോടെ ഞാൻ എന്റെ പൂർണ്ണമായ പ്രേമം നിനക്ക് നൽകാം.


(കണ്ണാ, അപൂർണ്ണമായതെന്തോ അവളിൽ ഇപ്പോഴും നിലനിക്കുന്നുണ്ട്) 



 അവർ നമുക്കിടയിലുണ്ട്


കോടതി വരാന്തക്കുമുമ്പിൽ വച്ചാണ് ഞാൻ അവളെ കണ്ടത്. തന്റെ വിധി എന്താണെന്നുപോലും കേൾക്കാൻ താല്പര്യമില്ലാത്തമട്ടിൽ അവൾ ചാരുബെഞ്ചിൽ നിർവികാരയായി ഇരിക്കുകയായിരുന്നു. അവൾക്കു മനുഷ്യന്റെ ഛായ ഉള്ളതിനാലായിരിക്കാം ഞാൻ അവളുടെ അടുക്കലേക്കു എത്തിപ്പെട്ടത്. മൃദുലമായ ആ കൈകൾ സ്പർശിച്ചമാത്രയിൽ ഉരുകുന്ന ആ ഹൃദയം എന്റെ മുന്നിൽ തെളിഞ്ഞു.
 
“മുപ്പത് വർഷം മുമ്പ് ഒരു കോടതിക്കുള്ളിൽ വച്ചാണ് എന്റെ ജീവിതം നിശ്ചയിക്കപ്പെട്ടത്. അച്ഛനുമമ്മയോടും ഞാൻ കേണപേക്ഷിച്ചു, പിരിയരുത് എന്ന്. പക്ഷെ ദൈവം വിളക്കിച്ചേർത്ത ബന്ധം വേർപെടുത്തിയപ്പോൾ, ഭാര്യാഭർതൃ ബന്ധത്തോടുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു, ആദ്യമായി. വിധിപറയുമ്പോൾ ജഡ്ജിയ്ക്കോ, കേട്ടിരുന്ന വക്കീലന്മാർക്കോ യാതൊരു ഭാവഭേദവുമില്ല, വിഷമവുമില്ല. വിഷമം മുഴുവനും എന്റെ മനസ്സിൽ മാത്രമായിരുന്നു. എന്റെ ഉള്ളിൽ അന്നും ഇന്നും കടൽ ഇരമ്പിക്കൊണ്ടേയിരിക്കുന്നു.

പിന്നെ സഹിക്കേണ്ടിവന്നത് ഒരു ജന്മത്തിൽ അനുഭവിക്കേണ്ടുന്ന മുഴുവൻ വേദനയുമായിരുന്നു. കുത്തുവാക്കുകൾ, ശാപങ്ങൾ, അടിച്ചമർത്തലുകൾ, പീഡനങ്ങൾ അങ്ങനെ അങ്ങനെ മനസ്സ് കല്ലാകാൻ പരുവത്തിൽ എല്ലാം, ചുറ്റുപാട് നിന്നും ഒഴുകിയെത്തി.  പക്ഷെ തളർന്നില്ല. നന്മയ്ക്കു നന്മ മാത്രമാണ് പ്രതിഫലം എന്ന് ആരോ പഠിപ്പിച്ച വാക്കു വിശ്വസിച്ചു മുന്നോട്ടു തന്നെ നടന്നു.
  
സംരക്ഷിക്കേണ്ടവർ തന്നെ പിശാചുക്കളായി മാറുന്നതുകണ്ടപ്പോൾ ഹൃദയത്തിൽ ചോര പൊടിഞ്ഞെങ്കിലും, സ്വയരക്ഷക്കായി പടച്ചട്ടയണിഞ്ഞു പൊരുതിനിന്നു. കല്ലായി മാറിയ മനസ്സിനെ സ്ത്രീത്വത്തിന്റെ മേമ്പൊടി ചാലിച്ച് മനോഹരമാക്കിയവൻ, ഒരു വാക്കുരിയാടാതെ ഒരുനാൾ പിന്തിരിഞ്ഞു നടന്നപ്പോൾ, കുടുംബത്തിന് നന്മ ആഗ്രഹിച്ച പിതൃക്കൾ അരൂപികളായി വന്നു വീണ്ടും വീണ്ടും മനസ്സിനെ പഠിപ്പിച്ചു, നന്മ്മയ്ക്കു നന്മ തന്നെ പ്രതിഫലം കിട്ടുമെന്ന്.

പക്ഷെ ജീവിതം വീണ്ടും കൂരിരുട്ടിലേക്കു പൊയ്ക്കൊണ്ടിരുന്നു. സ്നേഹം ആഗ്രഹിച്ച മനസ്സ് കപടസ്നേഹത്താൽ പറ്റിക്കപ്പെട്ടുകൊണ്ടേയിരുന്നു. അതെന്താണങ്ങനെ എന്നുള്ളതിന് ഉത്തരം എനിക്കാരും പറഞ്ഞു തന്നില്ല. നന്മ മാത്രം ചെയ്തിട്ടും എനിക്കെന്താ നന്മ ലഭിക്കാത്തതെന്നു ഞാൻ ഒരുപാടാന്വേഷിച്ചിട്ടും ഉത്തരം ലഭിച്ചില്ല. എന്നെ കേൾക്കാൻ ആരുമുണ്ടായില്ല. എന്നെ അറിയാൻ ആരും ശ്രമിച്ചില്ല. എന്നെ സ്നേഹിക്കാൻ ആരും മെനക്കെട്ടുമില്ല. അതിനാൽ തന്നെ ഞാൻ കറുപ്പായി. ഇരുട്ട് എന്റെ ദേവതയായി. ഒടുവിൽ ഇരുട്ട് എന്നെയാകെ വല്ലാതെ മൂടിയപ്പോൾ ഞാൻ എന്നെ തന്നെ അവസാനിപ്പിക്കാൻ കടലിന്റെ ആഴങ്ങളിലേക്ക് പതിച്ചു.

പക്ഷെ അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയവർ, ആത്മഹത്യാകുറ്റം ചുമത്തി എന്റെ വിധി നിർണയിക്കാൻ കോടതിവരാന്തക്കുമുമ്പിൽ കൊണ്ടിരുത്തിയിരിക്കുന്നു."

ഒടുവിൽ അവൾ എന്റെ മുഖത്തേക്ക് തീക്ഷ്ണമായ നോക്കി. നോട്ടത്തിൽ നിന്നും ഒരു ചോദ്യം ഉയരുന്നത് എന്റെ ഹൃദയം കേട്ടു.
""ശിഥിലമാകുന്ന കുടുംബങ്ങളിൽ വളരുന്ന കുട്ടികളിൽ നിന്നും മറ്റെന്താണ് സമൂഹം പ്രതീക്ഷിക്കുന്നത്?"  

പിന്നീട് എനിക്കവിടെ ഇരിക്കാൻ കഴിഞ്ഞില്ല. ഞാൻ ഇറങ്ങി വേഗത്തിൽ നടന്നു, അവളുടെ നോട്ടം എത്തുന്നിടത്തുനിന്നും അകലേക്ക് അകലേക്ക്....

നാം തന്നെ അല്ലെ തിനുത്തരവാദിനാം തന്നെ അല്ലെ ഇരുട്ട് നിറഞ്ഞ ഇത്തരം മനസ്സുകളെ വാർത്തെടുക്കുന്നത്? അങ്ങനെയെങ്കിൽ നമ്മളല്ലേ കോടതിവരാന്തക്കുമുമ്പിൽ വിധി കാത്തിരിക്കേണ്ടവർ?