Wednesday, 28 November 2018
Friday, 12 October 2018
ഒടിയൻ
അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞു തന്ന കഥകൾ കേട്ടാണ് എന്റെ കുട്ടിക്കാലം കടന്നുപോയത്. അപ്പോൾ ചിറകുവിരിച്ച ഭാവനയുടെ ലോകത്താണ് ഞാൻ വളർന്നതും. ആ ലോകത്തേക്കാണ് ചില നേരങ്ങളിൽ എങ്കിലും എന്റെ മനസ്സ് ഇപ്പോഴും കുട്ടിത്തം തേടി പോകാറുള്ളത്. അതൊരു സുഖമാ. അവിടെ, ആ ലോകം, ഒരു അത്ഭുതമാണ്. ഭാവനാസൃഷ്ടികളുടെ മായികവലയത്താൽ നിർമ്മിതമായ ഒരു അത്ഭുതലോകം. അവിടെ കണ്ണടച്ചിരുന്നാൽ, മേഘപാളികൾക്കിടയിലൂടെ പറന്നുപോകുന്ന മാലാഖക്കൂട്ടത്തിന്റെ ദിവ്യഗാനം കേൾക്കാം; കുഞ്ഞ് ആട്ടിൻപറ്റങ്ങൾ മേഞ്ഞുനടക്കുന്ന പുൽത്തകിടിയിലൂടെ ഓടി നടക്കാം; സുഖമുള്ള നിദ്രയിലാണ്ടു കിടക്കുമ്പോൾ കണ്ണുതുറപ്പിക്കുന്ന സൂര്യന്റെ കുസൃതിക്കൈകളേയും, കാതിൽ പുല്ലാങ്കുഴൽ ഊതുന്ന കുയിലിണകളേയും ഇമ്പമോടെ ആസ്വദിക്കാം. ഇതൊക്കെ അവർ പറഞ്ഞുതരുന്ന കഥകളിൽ നിന്നും ഭാവനയുടെ രസതന്ത്രം ഉത്ഭവിപ്പിക്കുന്ന മനസ്സിന്റെ ചില വർണ്ണപ്പൊട്ടുകളാണ്.
ഇതുമാത്രമല്ല. ഇരുട്ടിന്റെ മറപറ്റിയുള്ള നിഴലാട്ടങ്ങളും, മിഥ്യയിൽ ഉടലെടുക്കുന്ന ആർത്തനാദങ്ങളും, ഒറ്റക്കണ്ണുള്ള വികൃതരൂപങ്ങളും ഒക്കെക്കൂടി ഇതിന്റെ ഒരു മറുപുറമായി അന്നും ഇന്നും ചില നേരങ്ങളിൽ മനസ്സിന്റെ താളം തെറ്റിക്കാറുണ്ട്. ഈ ഇരുണ്ട ലോകത്തെ അന്ന് എന്നിൽ സൃഷ്ട്ടിച്ചത് യക്ഷിയുടെയും, ഗന്ധർവ്വന്റെയും, ചാത്തന്റെയും മറുതയുടേയും ഒക്കെ ഭീതിയുളവാക്കുന്ന കഥകളിൽ നിന്നുമായിരുന്നു. മെനഞ്ഞെടുത്ത ഇത്തരം കഥകൾ പറഞ്ഞു കുട്ടികളെ ഭയത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കാൻ വല്യമ്മൂമ്മക്ക് (അമ്മൂമ്മയുടെ അമ്മ) ഒരു പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. പിന്നെ ഞങ്ങൾ പേടിച്ചു നാലുപാടും ചിതറിയോടുമ്പോൾ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നതും വല്യമ്മൂമ്മയുടെ പതിവായിരുന്നു.
കുട്ടികളെ ചുറ്റുമിരുത്തി അപ്പൂപ്പനമ്മൂമ്മമാർ പറഞ്ഞുതരുന്ന ഈ കഥകൾക്കെല്ലാം ഭ്രമിപ്പിക്കുന്ന വല്ലാത്തൊരു ഈണവും താളവും ഉണ്ടായിരുന്നു. ആ താളത്തിൽ നിന്നും രൂപംകൊണ്ട മായാപ്രപഞ്ചത്തിൽ ഞങ്ങൾ, കുട്ടികൾ, ഒരളവുവരെ രസിച്ചും അതിലേറെ ഭയന്നും ജീവിച്ചു. സങ്കല്പസൃഷ്ടികളായ കഥാപാത്രങ്ങൾ ഞങ്ങൾക്ക് ചുറ്റും വിരാജിച്ചു. സ്വപ്‌നങ്ങൾ അവയ്‌ക്കൊരു ലോകം പണിതു.
അങ്ങനെ ജീവിച്ച ആ കാലയളവിലാണ് ഞാൻ ആദ്യമായി ഒടിയൻ എന്ന പദം കേൾക്കുന്നത്. സ്വഭാവനയിൽ മെനഞ്ഞെടുത്ത രൂപവും, പ്രസ്തുതസാഹചര്യകഥകളുമായി (കള്ളക്കഥകൾ) ഒടിയനെപ്പറ്റി വല്യമ്മൂമ്മ വിവരിക്കുന്നത് ഇപ്പോഴും എന്റെ മനസ്സിൽ പച്ചപിടിച്ചു കിടപ്പുണ്ട്. രാത്രിയുടെ ഏതോ യാമങ്ങളിൽ പതുങ്ങി വന്നു സ്ത്രീകളുടെ ഉദരത്തിൽ നിന്നും കുഞ്ഞുങ്ങളെ ശാപ്പിടുകയും, രക്തം കുടിക്കുകയും ചെയ്യുന്ന ഭീകര സത്വമാണ് അന്ന് കേട്ട കഥയിലെ ഒടിയൻ. കറുത്ത് തടിച്ച ഭീകര സത്വം. അതെന്തിനാണ് ആ സത്വം സ്ത്രീകളെ ഇങ്ങനെ ദ്രോഹിക്കുന്നത് എന്ന് കേട്ടാൽ അതിനുള്ള ഉത്തരമൊന്നും വല്യമ്മൂമ്മയുടെ പക്കൽ ഉണ്ടാകില്ല. എങ്കിലും ഇത്തരത്തിൽ വിവിധങ്ങളായ സൂത്രക്കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും, ഞങ്ങളെ പേടിപ്പിക്കാൻ.
മോഹൻലാൽ അഭിനയിക്കുന്ന ഒടിയൻ എന്ന സിനിമയെപ്പറ്റി കേട്ടപ്പോൾ ആ ഓർമകളിലേക്ക് വീണ്ടും ഞാൻ ഒരു യാത്ര നടത്തി. ഒടിയൻ എന്ന ആ പേടിപ്പിക്കുന്ന കള്ളക്കഥകൾക്കുമപ്പുറം അതിലെ സത്യങ്ങളും വിശ്വാസങ്ങളും അഭിപ്രായങ്ങളും ഒക്കെ അറിയാൻ ഒരു കൗതുകം തോന്നി. അപ്പോഴാണ് ഒടിയനെപ്പറ്റിയുള്ള valluvanad timesന്റെ ഒരു article എന്റെ ശ്രദ്ധയിൽപ്പെട്ടത്. വായിച്ചപ്പോൾ വളരെ രസകരമായിത്തോന്നി. അത് ഞാൻ നിങ്ങൾക്കും പങ്കുവയ്ക്കുന്നു.
https://valluvanadtimes.com/2009/12/25/odiyan/
Monday, 30 April 2018
സഞ്ചാരി
അഥവാ
സന്തോഷ് ജോർജ് കുളങ്ങര
നമ്മൾ
മലയാളികൾക്ക് സഞ്ചാരിയെന്നാൽ ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയാണ്. അദ്ദേഹം തുറന്നു തന്ന സഞ്ചാരത്തിന്റെ വാതായനങ്ങളിലൂടെയാണ്
ഞാൻ എന്റെ കുട്ടിക്കാലത്ത്, ഇത്ര മനോഹരമായി ലോകത്തെ വീക്ഷിക്കാൻ കഴിയുമെന്ന് മനസ്സിലാക്കിയത്.
സഞ്ചാരം ഒരു ത്രസിപ്പിക്കുന്ന അനുഭവമാണെന്ന് മനസ്സിലാക്കിയതും അദ്ദേഹത്തിലൂടെയാണ്.
സഞ്ചാരം വെറും കാഴ്ചകളുടെ ഉത്സവമല്ല, ജീവിത പാഠങ്ങൾ കൂടിയാണെന്ന് പിന്നീട് മനസ്സിലാക്കാൻ
കഴിഞ്ഞു.
സഞ്ചാരങ്ങൾ
മനുഷ്യനെ പക്വമായി രൂപപ്പെടുത്തുന്നു എന്ന് മനസ്സിലാക്കിയതിനാലാകാം വിദേശങ്ങളിൽ സ്കൂൾ
കരിക്കുലത്തിൽപ്പോലും ഒരു ‘country visit’ ഉൾപ്പെടുത്തിയിരിക്കുന്നത്. (നിർഭാഗ്യവശാൽ അത് നമ്മുടെ നാട്ടിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെയും അരക്ഷിതമായ ചുറ്റുപാടുകൾ കുഞ്ഞുങ്ങളെ അത്തരമൊരു 'സാഹസികത'യിലേക്കു പോകാൻ അനുവദിക്കുന്നില്ല).
സഞ്ചാരിയുടെ
അനുഭവസമ്പത്ത് വികസനനങ്ങൾക്കു മുതൽക്കൂട്ടാണ്. അതിനാൽത്തന്നെ വികസന ചിന്തകളിൽ ശ്രീ. സന്തോഷ്
ജോർജ് കുളങ്ങരയുടെ അനുഭവ സമ്പത്ത് വലിയൊരു
മുതൽക്കൂട്ടാകും എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.
കാരണം വ്യത്യസ്തമായ കാഴ്ചകളിലൂടെ, അതിലും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ,
കണ്ണും കാതും തുറന്നുപിടിച്ചു സഞ്ചരിക്കുന്ന
ഒരു hardcore സഞ്ചാരിയാണദ്ദേഹം.
പലപ്പോഴും
തോന്നിയിട്ടുണ്ട്, അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ പതിയുന്നത് മനുഷ്യനിർമ്മിതമായ
ആ ഉപകരണത്തിലേക്കല്ല, ദൈവനിർമ്മിതമായ
അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കാണെന്ന്. അതുകൊണ്ടായിരിക്കാം "ഒരു സഞ്ചാരിയുടെ
ഡയറിക്കുറുപ്പ്" എന്ന പരിപാടിയിൽ ആ
സഞ്ചാര അനുഭവങ്ങൾ ഇത്ര ഹൃദ്യമായി
വിവരിക്കാൻ, അല്ല വർണിക്കാൻ, അദ്ദേഹത്തിന്
സാധിക്കുന്നത്.
ഒരിക്കൽ
നമ്മുടെ ടൂറിസത്തിന്റെ സാധ്യതകളെപ്പറ്റി തന്റെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ
അദ്ദേഹം ചില കാര്യങ്ങൾ
പറഞ്ഞത് ഒരു വിദ്യാർത്ഥിയുടെ
കൗതുകത്തോടെയാണ് ഞാൻ കേട്ടിരുന്നത്.
അതു
മാത്രമല്ല നമ്മെ ബന്ധിപ്പിക്കുന്ന, വികസനത്തിന്റെ
മുഖ്യ ഘടകമായ റോഡുകളെക്കുറിച്ചും, പിന്നെ
പുഴകൾ, വൈദ്യതി, പാചകവാതകം, വിപണന
കേന്ദ്രങ്ങൾ, അങ്ങനെ അങ്ങനെ എല്ലാറ്റിനേയും
കുറിച്ച് അദ്ദേഹം പറയുമ്പോൾ അതിൽ
അനുഭവത്തിന്റെ ഒരു സത്യമുണ്ടെന്നും,
ആ സഞ്ചാരങ്ങൾക്കു വികസനത്തോളം
തന്നെ പ്രാധാന്യമുണ്ടെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
പഞ്ചേന്ദ്രിയങ്ങളെ
മനസ്സുകൊണ്ടും തലച്ചോറുകൊണ്ടും ഒരുപോലെ അനുഭവിക്കാൻ കഴിഞ്ഞാൽ മാത്രമേ ഇതുപോലെ ഗഗനമായി ചിന്തിക്കാൻ കഴിയൂ.
അത്തരം സിദ്ധികൾ ഒരു സഞ്ചാരിക്ക്
മാത്രമേ പ്രാപ്യമാകുകയുള്ളു എന്നാണ് എന്റെ വിശ്വാസം.
ഒരു സഞ്ചാരിയുടെ അഹങ്കാരവും
ആത്മവിശ്വാസവും അത്
തന്നെ ആയിരിക്കും.
എന്തായാലും
കേരള ഗവണ്മെന്റ്, വികസനത്തിന്റെ വിദഗ്ദ്ധ
സമിതികളിൽ ശ്രീ. സന്തോഷ് ജോർജ്
കുളങ്ങര എന്ന ആ മഹാനായ
സഞ്ചാരിയുടെ അനുഭവങ്ങളുടെ ഡയറിക്കുറിപ്പുകൾ കൂടി ഉപയോഗപ്പെടുത്തണം എന്നാണ് എന്റെ പക്ഷം.
കാരണം
അനുഭവങ്ങൾ ആണല്ലോ ഊർജവും ഉത്തേജനവും.
Subscribe to:
Posts (Atom)