Monday, 30 April 2018

സഞ്ചാരി 

  അഥവാ 

     സന്തോഷ് ജോർജ് കുളങ്ങര


നമ്മൾ മലയാളികൾക്ക് സഞ്ചാരിയെന്നാൽ ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയാണ്.  അദ്ദേഹം തുറന്നു തന്ന സഞ്ചാരത്തിന്റെ വാതായനങ്ങളിലൂടെയാണ് ഞാൻ എന്റെ കുട്ടിക്കാലത്ത്, ഇത്ര മനോഹരമായി ലോകത്തെ വീക്ഷിക്കാൻ കഴിയുമെന്ന് മനസ്സിലാക്കിയത്. സഞ്ചാരം ഒരു ത്രസിപ്പിക്കുന്ന അനുഭവമാണെന്ന് മനസ്സിലാക്കിയതും അദ്ദേഹത്തിലൂടെയാണ്. സഞ്ചാരം വെറും കാഴ്ചകളുടെ ഉത്സവമല്ല, ജീവിത പാഠങ്ങൾ കൂടിയാണെന്ന് പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞു.

സഞ്ചാരങ്ങൾ മനുഷ്യനെ പക്വമായി രൂപപ്പെടുത്തുന്നു എന്ന് മനസ്സിലാക്കിയതിനാലാകാം വിദേശങ്ങളിൽ സ്കൂൾ കരിക്കുലത്തിൽപ്പോലും ഒരു ‘country visit’ ഉൾപ്പെടുത്തിയിരിക്കുന്നത്. (നിർഭാഗ്യവശാൽ അത് നമ്മുടെ നാട്ടിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെയും അരക്ഷിതമായ ചുറ്റുപാടുകൾ കുഞ്ഞുങ്ങളെ അത്തരമൊരു 'സാഹസികത'യിലേക്കു പോകാൻ അനുവദിക്കുന്നില്ല).   

സഞ്ചാരിയുടെ അനുഭവസമ്പത്ത് വികസനനങ്ങൾക്കു മുതൽക്കൂട്ടാണ്. അതിനാൽത്തന്നെ വികസന ചിന്തകളിൽ ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയുടെ അനുഭവ സമ്പത്ത് വലിയൊരു മുതൽക്കൂട്ടാകും എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. കാരണം വ്യത്യസ്തമായ കാഴ്ചകളിലൂടെ, അതിലും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ, കണ്ണും കാതും തുറന്നുപിടിച്ചു സഞ്ചരിക്കുന്ന ഒരു hardcore സഞ്ചാരിയാണദ്ദേഹം.

പലപ്പോഴും തോന്നിയിട്ടുണ്ട്, അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ പതിയുന്നത് മനുഷ്യനിർമ്മിതമായ ഉപകരണത്തിലേക്കല്ല, ദൈവനിർമ്മിതമായ അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കാണെന്ന്. അതുകൊണ്ടായിരിക്കാം "ഒരു സഞ്ചാരിയുടെ ഡയറിക്കുറുപ്പ്" എന്ന പരിപാടിയിൽ സഞ്ചാര അനുഭവങ്ങൾ ഇത്ര ഹൃദ്യമായി വിവരിക്കാൻ, അല്ല വർണിക്കാൻ, അദ്ദേഹത്തിന് സാധിക്കുന്നത്.

ഒരിക്കൽ നമ്മുടെ ടൂറിസത്തിന്റെ സാധ്യതകളെപ്പറ്റി തന്റെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞത് ഒരു വിദ്യാർത്ഥിയുടെ കൗതുകത്തോടെയാണ് ഞാൻ കേട്ടിരുന്നത്.


അതു മാത്രമല്ല നമ്മെ ബന്ധിപ്പിക്കുന്ന, വികസനത്തിന്റെ മുഖ്യ ഘടകമായ റോഡുകളെക്കുറിച്ചും, പിന്നെ പുഴകൾ, വൈദ്യതി, പാചകവാതകം, വിപണന കേന്ദ്രങ്ങൾ, അങ്ങനെ അങ്ങനെ എല്ലാറ്റിനേയും കുറിച്ച് അദ്ദേഹം പറയുമ്പോൾ അതിൽ അനുഭവത്തിന്റെ ഒരു സത്യമുണ്ടെന്നും, സഞ്ചാരങ്ങൾക്കു വികസനത്തോളം തന്നെ പ്രാധാന്യമുണ്ടെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

പഞ്ചേന്ദ്രിയങ്ങളെ മനസ്സുകൊണ്ടും തലച്ചോറുകൊണ്ടും ഒരുപോലെ അനുഭവിക്കാൻ കഴിഞ്ഞാൽ മാത്രമേ ഇതുപോലെ ഗഗനമായി ചിന്തിക്കാൻ കഴിയൂ. അത്തരം സിദ്ധികൾ ഒരു സഞ്ചാരിക്ക് മാത്രമേ പ്രാപ്യമാകുകയുള്ളു എന്നാണ് എന്റെ വിശ്വാസം. ഒരു സഞ്ചാരിയുടെ അഹങ്കാരവും ആത്മവിശ്വാസവും അത് തന്നെ ആയിരിക്കും.

എന്തായാലും കേരള ഗവണ്മെന്റ്, വികസനത്തിന്റെ വിദഗ്ദ്ധ സമിതികളിൽ ശ്രീ. സന്തോഷ് ജോർജ് കുളങ്ങര എന്ന മഹാനായ സഞ്ചാരിയുടെ അനുഭവങ്ങളുടെ ഡയറിക്കുറിപ്പുകൾ കൂടി  ഉപയോഗപ്പെടുത്തണം എന്നാണ് എന്റെ പക്ഷം.  

കാരണം അനുഭവങ്ങൾ ആണല്ലോ ഊർജവും ഉത്തേജനവും.

No comments:

Post a Comment