Tuesday, 15 September 2015

YOU WILL NEVER BE THE SAME

"യാത്രകളിൽ ഞാൻ ഒരു പുസ്തകം കരുതാറുണ്ട്‌. അവ എന്റെ കണ്ണുകൾക്ക്നേരെ തുറന്നു വച്ചിരിക്കുന്നത് മറ്റുള്ളവരിൽ നിന്നും എന്നിലേക്ക്നീളുന്ന ചോദ്യങ്ങളെ തടയുന്നതിന്നുള്ള ഒരു മതിൽക്കെട്ട് പോലെയാണ്. എനിക്ക് ആരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനല്ല, ചുറ്റും നടക്കുന്ന ചലനങ്ങൾ വീക്ഷിക്കാനാണ് താൽപര്യം".  ഇത് പറഞ്ഞത് എന്റെ ഒരു സൈക്കോളജി പ്രൊഫസർ ആണ്. അതേ താല്പ്പര്യത്തിന്റെ ചുവടുപിടിച്ചത് കൊണ്ടാകാം  ഇന്ന് എന്റെ ഓരോ യാത്രകളും ഓരോ അനുഭവങ്ങളാകുന്നത്.

കഴിഞ്ഞ മാസം ഔദ്യോഗിക ആവശ്യത്തിനായി എനിക്ക് കടയ്ക്കാവൂരിൽ പോകേണ്ടിയിരുന്നു. അവിടെ നിന്നും തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ ഐലന്റ് എക്സ്പ്രസ്സ്ട്രെയിനിൽ  തിരക്ക് കുറഞ്ഞ ആ കമ്പാർട്ടുമെന്റിലെ എന്റെ സഹയാതികർ അന്ധരായ രണ്ടു യുവ അധ്യാപികമാരായിരുന്നു. കാഴ്ചകൾ ആലോസരപ്പെടുത്താത്തതിനാലാകാം  അവർ സംസാരിച്ചുകൊണ്ടേയിരുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന എനിക്ക് ഒരു വിഷയത്തിൽ നിന്നും മറ്റൊരു വിഷയത്തിലേക്കുള്ള അവരുടെ സംസാരപ്രവാഹം ഒരു അത്ഭുതമായി തോന്നി. ഒരുപക്ഷെ അവരുടെ സംസാരത്തിലെ നിഷ്കളങ്കത ആയിരുന്നിരിക്കണം എന്നെ അവരുടെ സംസാരത്തിലേക്കും ചലനങ്ങളിലേക്കും ശ്രദ്ധയൂന്നാൻ പ്രേരിപ്പിച്ചത്.

അന്ധയായതുകൊണ്ടുമാത്രം, തങ്ങളുടെ ഒരു കൂട്ടുകാരിക്ക് ട്രെയിൻ തന്റെ അടുത്തുകൂടെ വരുന്നത് അറിയാൻ കഴിയാതിരുന്നതും, ട്രെയിൻ തട്ടി അവൾ മരണമടഞ്ഞതും ഒക്കെ അവർ വേദനയോടെ പറയുന്നുണ്ടായിരുന്നു. ഒപ്പം, തങ്ങളും ഇതേ ദുർവിധിക്കു ഒരുനാൾ പാത്രമായേക്കാം എന്ന ആശങ്കയും  അവർ പങ്കുവയ്ക്കാതിരുന്നില്ല. പക്ഷെ ആശങ്ക അവരുടെ ഹൃദയത്തെ തളർത്താതിരിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വേദനയുടെ വിഷയം വലിച്ചുകീറി അവർ നടന്നത് കാഴ്ചയേയും അന്ധതയേയും പറ്റിയുള്ള ഒരു വല്യ വ്യഖാനത്തിലേക്കാണ്.

നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ തങ്ങൾ പെടാപ്പാടുപെടുമ്പോൾ, അതിനേക്കാൾ പാടുപെട്ടു തങ്ങളെ  പറ്റിച്ചു ജീവിതം നയിക്കുന്ന, തങ്ങളുടെ അയൽക്കാരനും കൂടിയായ, പലവ്യഞ്ജന കടക്കാരന്റെ ചെയ്തികളെപ്പറ്റി അവർ അല്പം വേദനയോടെയും എന്നാൽ അതിലേറെ തമാശയോടെയും സംസാരിച്ചത് എന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി. സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പുപൊടിയും, തെയിലപ്പൊടിയും മാറ്റി ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ കൊടുക്കുമ്പോൾ അയാൾ മനസ്സിൽ ചിരിക്കുന്നുണ്ടാകാം, താൻ അന്ധതയെ കബളിപ്പിച്ചുവെന്നും, കൂടുതൽ ലാഭം നേടി എന്നും. പക്ഷെ അവരുടെ പുറം കാഴ്ചയ്ക്കേ മങ്ങൽ എറ്റിരുന്നുള്ളൂ. അവരുടെ ജ്വലിക്കുന്ന ഉൾക്കാഴ്ചയെപ്പറ്റി മനസ്സിലാക്കിയിരിക്കില്ല അയാൾ. ഒരുപക്ഷെ നമ്മളും.

ഒരു മനസാക്ഷിയും കൂടാതെ അയാൾ അവരെ കബളിപ്പിച്ചിട്ടും അയാളെപറ്റി പറയുമ്പോൾ അവരുടെ വാക്കുകളിൽ നിത്യജീവിതം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു മനുഷ്യനോടുള്ള സഹാനുഭൂതിയോ സ്നേഹമോ നിറഞ്ഞു നിന്നത് അക്ഷരാർഥത്തിൽ എന്നെ അത്ഭുതപ്പെടുത്തി

എന്തു വിശേഷം പങ്കുവയ്ക്കുമ്പോഴും അവരുടെ ചുണ്ടുകളിലെ പുഞ്ചിരി പ്രഭാതങ്ങളിലെ മഞ്ഞുകണങ്ങൾപോലെ ശോഭിച്ചു നിന്നു. പുഞ്ചിരിയിൽ എല്ലാമുണ്ടായിരുന്നു, ലോകത്തെ നേരിടാനുള്ള തന്റേടവും, ജീവിതത്തെ അതിന്റെ മുഴുവൻ ഭംഗിയോടെ ആസ്വദിക്കാനുള്ള കഴിവും, ആത്മധൈര്യവും എല്ലാം. കണ്ണുകളിൽ മാത്രമേ അന്ധത ബാധിച്ചിട്ടുള്ളൂ എന്നും, തങ്ങളുടെ ഹൃദയം കൊണ്ട് ലോകത്തെ മുഴുവൻ കാണുന്നുണ്ട് എന്നും അവർ പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു

സ്നേഹവും കരുണയുമാണ് ഒരുവനെ മനുഷ്യനാക്കുന്നത് എന്ന് എന്റെ അമ്മൂമ്മ എപ്പോഴും പറയുമായിരുന്നു. ജീവിതപന്ഥാവിലെ കല്ലുകളും മുള്ളുകളും കണ്ടു പകച്ചു നിന്ന ഒരവസരത്തിൽ എന്റെ സുഹൃത്ത്എന്നോട് പറയുകയുണ്ടായി, ജീവിതത്തെ ഭയപ്പെടുകയല്ല, ഒരു മന്ദഹാസത്തോടെ അതിനെ നേരിടുകയാണ് വേണ്ടത് എന്ന്. അധ്യാപികമാരുടെ സംസാരത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന എന്റെ മനസ്സിൽ ഇതൊക്കെ അപ്പോൾ തെളിഞ്ഞു വന്നത് സ്വാഭാവികം മാത്രം.

ഞാൻ അവരോടു ഒന്നും ചോദിച്ചില്ല, പറഞ്ഞതുമില്ല. പക്ഷെ ഞാൻ അവരിലൂടെ സഞ്ചരിക്കുകയായിരുന്നു.

അന്ധത അവരുടെ കണ്ണിന്റെ മാത്രം വൈകല്യമാണെന്നു എനിക്ക് മനസ്സിലായി. ജീവിതത്തെ ഒരു ചെറു പുഞ്ചിരിയോടെയും, സ്നേഹത്തോടെയും നേരിടുന്ന നിഷ്കളങ്കരായ   പനിനീർപുഷ്പങ്ങൾ ലോകത്തിന്റെ അധ്യാപകരാണ്. അവർ രചിക്കുന്ന പാഠങ്ങൾ അവരുടെ ജീവിതത്തിലൂടെ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.    

എന്റെ കയ്യിൽ അന്ന് ഞാൻ കരുതിയത്ഏത് പുസ്തകം ആണെന്ന് ഇപ്പോൾ ഓർക്കുന്നില്ല. പക്ഷെ അന്ന് ഞാൻ വായിച്ചു തീർത്തത്  Basilea Schlink ന്റെ You will never be the same എന്ന പുസ്തകം ആയിരുന്നു. അതിലെ താളുകൾ ഓരോന്നും ദൈവം ആയിരുന്നു എന്നെ വായിച്ചു കേൾപ്പിച്ചത്


ട്രെയിൻ തിരുവനനതപുരത്തു എത്തിയത് ഞാൻ അറിഞ്ഞതേയില്ല. ആൾക്കൂട്ടത്തിലൂടെ ഇറങ്ങുമ്പോഴും അവരുടെ ഒരിക്കലും തീരാത്ത വിശേഷങ്ങൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നുഅന്ധവിധ്യാലയത്തിലെ കുരുന്നുകളുടെ കുസൃതികളും, സഹ അധ്യാപകരുടെ വീട്ടുവിശേഷങ്ങളും, ഗവണ്മെന്റ് ആനുകൂല്യങ്ങളും, ..................

14 comments:

  1. നേർക്കഴ്ചയെക്കാൾ കരുത്തുള്ളത് ഉൾക്കഴ്ച്ചക്കനെന്നുല്ലതിനുള്ള ഉദാഹരണം

    ReplyDelete
  2. നന്നായിരിക്കുന്നു. ഇത്ര നന്നായി എഴുതുമെന്നറിയാതെ പോയല്ലൊ

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Worst than being Blind is having Sight but no Vision !!!

    Shee....

    ReplyDelete
  5. Suhruthe anubhavathinte vellivelicham manusharilekku padaratte

    ReplyDelete
  6. Nammude chuttum nadakkunnathu manasilakkanulla ulkkazhcha...iniyum orupadezhuthu

    ReplyDelete
  7. Nammude chuttum nadakkunnathu manasilakkanulla ulkkazhcha...iniyum orupadezhuthu

    ReplyDelete