Friday 12 October 2018

ഒടിയൻ



അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞു തന്ന കഥകൾ കേട്ടാണ് എന്റെ കുട്ടിക്കാലം കടന്നുപോയത്. അപ്പോൾ ചിറകുവിരിച്ച ഭാവനയുടെ ലോകത്താണ് ഞാൻ വളർന്നതും. ആ ലോകത്തേക്കാണ് ചില നേരങ്ങളിൽ എങ്കിലും എന്റെ മനസ്സ് ഇപ്പോഴും കുട്ടിത്തം തേടി പോകാറുള്ളത്. അതൊരു സുഖമാ. അവിടെ, ആ ലോകം, ഒരു അത്ഭുതമാണ്. ഭാവനാസൃഷ്ടികളുടെ മായികവലയത്താൽ നിർമ്മിതമായ ഒരു അത്ഭുതലോകം. അവിടെ കണ്ണടച്ചിരുന്നാൽ, മേഘപാളികൾക്കിടയിലൂടെ പറന്നുപോകുന്ന മാലാഖക്കൂട്ടത്തിന്റെ ദിവ്യഗാനം കേൾക്കാം; കുഞ്ഞ് ആട്ടിൻപറ്റങ്ങൾ മേഞ്ഞുനടക്കുന്ന പുൽത്തകിടിയിലൂടെ ഓടി നടക്കാം; സുഖമുള്ള നിദ്രയിലാണ്ടു കിടക്കുമ്പോൾ കണ്ണുതുറപ്പിക്കുന്ന സൂര്യന്റെ കുസൃതിക്കൈകളേയും, കാതിൽ പുല്ലാങ്കുഴൽ ഊതുന്ന കുയിലിണകളേയും ഇമ്പമോടെ ആസ്വദിക്കാം. ഇതൊക്കെ അവർ പറഞ്ഞുതരുന്ന കഥകളിൽ നിന്നും ഭാവനയുടെ രസതന്ത്രം ഉത്ഭവിപ്പിക്കുന്ന മനസ്സിന്റെ ചില വർണ്ണപ്പൊട്ടുകളാണ്.


ഇതുമാത്രമല്ല. ഇരുട്ടിന്റെ മറപറ്റിയുള്ള നിഴലാട്ടങ്ങളും, മിഥ്യയിൽ ഉടലെടുക്കുന്ന ആർത്തനാദങ്ങളും, ഒറ്റക്കണ്ണുള്ള വികൃതരൂപങ്ങളും ഒക്കെക്കൂടി ഇതിന്റെ ഒരു മറുപുറമായി അന്നും ഇന്നും ചില നേരങ്ങളിൽ മനസ്സിന്റെ താളം തെറ്റിക്കാറുണ്ട്. ഈ ഇരുണ്ട ലോകത്തെ അന്ന് എന്നിൽ സൃഷ്ട്ടിച്ചത് യക്ഷിയുടെയും, ഗന്ധർവ്വന്റെയും, ചാത്തന്റെയും മറുതയുടേയും ഒക്കെ ഭീതിയുളവാക്കുന്ന കഥകളിൽ നിന്നുമായിരുന്നു. മെനഞ്ഞെടുത്ത ഇത്തരം കഥകൾ പറഞ്ഞു കുട്ടികളെ ഭയത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കാൻ വല്യമ്മൂമ്മക്ക് (അമ്മൂമ്മയുടെ അമ്മ) ഒരു പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. പിന്നെ ഞങ്ങൾ പേടിച്ചു നാലുപാടും ചിതറിയോടുമ്പോൾ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നതും വല്യമ്മൂമ്മയുടെ പതിവായിരുന്നു.


കുട്ടികളെ ചുറ്റുമിരുത്തി അപ്പൂപ്പനമ്മൂമ്മമാർ പറഞ്ഞുതരുന്ന ഈ കഥകൾക്കെല്ലാം ഭ്രമിപ്പിക്കുന്ന വല്ലാത്തൊരു ഈണവും താളവും ഉണ്ടായിരുന്നു. ആ താളത്തിൽ നിന്നും രൂപംകൊണ്ട മായാപ്രപഞ്ചത്തിൽ ഞങ്ങൾ, കുട്ടികൾ, ഒരളവുവരെ രസിച്ചും അതിലേറെ ഭയന്നും ജീവിച്ചു. സങ്കല്പസൃഷ്ടികളായ കഥാപാത്രങ്ങൾ ഞങ്ങൾക്ക് ചുറ്റും വിരാജിച്ചു. സ്വപ്‌നങ്ങൾ അവയ്‌ക്കൊരു ലോകം പണിതു.

അങ്ങനെ ജീവിച്ച ആ കാലയളവിലാണ് ഞാൻ ആദ്യമായി ഒടിയൻ എന്ന പദം കേൾക്കുന്നത്. സ്വഭാവനയിൽ മെനഞ്ഞെടുത്ത രൂപവും, പ്രസ്തുതസാഹചര്യകഥകളുമായി (കള്ളക്കഥകൾ) ഒടിയനെപ്പറ്റി വല്യമ്മൂമ്മ വിവരിക്കുന്നത് ഇപ്പോഴും എന്റെ മനസ്സിൽ പച്ചപിടിച്ചു കിടപ്പുണ്ട്. രാത്രിയുടെ ഏതോ യാമങ്ങളിൽ പതുങ്ങി വന്നു സ്ത്രീകളുടെ ഉദരത്തിൽ നിന്നും കുഞ്ഞുങ്ങളെ ശാപ്പിടുകയും, രക്തം കുടിക്കുകയും ചെയ്യുന്ന ഭീകര സത്വമാണ് അന്ന് കേട്ട കഥയിലെ ഒടിയൻ. കറുത്ത് തടിച്ച ഭീകര സത്വം. അതെന്തിനാണ് ആ സത്വം സ്ത്രീകളെ ഇങ്ങനെ ദ്രോഹിക്കുന്നത് എന്ന് കേട്ടാൽ അതിനുള്ള ഉത്തരമൊന്നും വല്യമ്മൂമ്മയുടെ പക്കൽ ഉണ്ടാകില്ല. എങ്കിലും ഇത്തരത്തിൽ വിവിധങ്ങളായ സൂത്രക്കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും, ഞങ്ങളെ പേടിപ്പിക്കാൻ.

മോഹൻലാൽ അഭിനയിക്കുന്ന ഒടിയൻ എന്ന സിനിമയെപ്പറ്റി കേട്ടപ്പോൾ ആ ഓർമകളിലേക്ക് വീണ്ടും ഞാൻ ഒരു യാത്ര നടത്തി. ഒടിയൻ എന്ന ആ പേടിപ്പിക്കുന്ന കള്ളക്കഥകൾക്കുമപ്പുറം അതിലെ സത്യങ്ങളും വിശ്വാസങ്ങളും അഭിപ്രായങ്ങളും ഒക്കെ അറിയാൻ ഒരു കൗതുകം തോന്നി. അപ്പോഴാണ് ഒടിയനെപ്പറ്റിയുള്ള valluvanad timesന്റെ ഒരു article എന്റെ ശ്രദ്ധയിൽപ്പെട്ടത്. വായിച്ചപ്പോൾ വളരെ രസകരമായിത്തോന്നി. അത് ഞാൻ നിങ്ങൾക്കും പങ്കുവയ്ക്കുന്നു.
Please click the link below:
https://valluvanadtimes.com/2009/12/25/odiyan/