Sunday 12 April 2020

കൃഷ്ണനെന്ന പ്രണയവും പ്രപഞ്ചസത്യവും


രാധ: ഇതെന്തൊരു അവസ്ഥയാണ്. സന്തോഷമാണോ വ്യഥയാണോ ഒന്നുമേ തിരിച്ചറിയാൻ സാധിക്കുന്നില്ലല്ലോ കണ്ണാ. നീ എപ്പോഴും എന്നിൽ തന്നെ ഉണ്ടെങ്കിലും, നിന്നെ കണ്ടും കേട്ടും മതിയായില്ല എന്ന് എപ്പോഴും എന്റെ മനസ്സ് പരിഭവിച്ചുകൊണ്ടേയിരിക്കുന്നു.

നിന്റെ പുല്ലാംകുഴലിലൂടെ നീ എന്നെ ആവാഹിച്ചെടുക്കുകയാണല്ലോ. നിന്നിൽ ഞാൻ അലിഞ്ഞലിഞ്ഞ് ഇല്ലാണ്ടാകുകയാണല്ലോ കണ്ണാ. അല്ലെങ്കിലും നമ്മൾ ഒന്നുതന്നെയാണല്ലോ, അല്ലേ? പ്രപഞ്ചത്തിലെ ഓരോ സ്നേഹതാളത്തിലും രാധാകൃഷ്ണന്മാർ അല്ലാതെന്താണ്?

ഈരേഴുലകങ്ങളും നിന്നെ കാംഷിക്കുന്നെങ്കിലും, നീ എന്റേത് മാത്രമാണ് എന്ന് ഞാൻ ഒരു സ്വാർത്ഥമതിയെപ്പോലെ എന്തുകൊണ്ടാണ് ആഗ്രഹിക്കുന്നത്? അപ്പോഴൊക്കെയും ഒരു ചെറുപുഞ്ചിരിയിൽ നീ എന്റെ പരിഭവങ്ങൾ അലിയിച്ചുകളയുന്നു.

എനിക്ക് ചുറ്റും ഒരു നദിയായി നീ ഒഴുകുകയാണോ, കണ്ണാ? വെയിലായും മഴയായും, മഞ്ഞായും കാറ്റായും, സർവ്വചരാചരങ്ങളായും ഓരോ നിമിഷവും നീ എന്നിലൂടെ കടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു. എന്റെ കാഴ്ചയിലും കേൾവിയിലും നീ തന്നെയാണ് കൃഷ്ണാ.

എന്നിട്ടുമെന്തേ ഞാൻ വീണ്ടും പരിഭവിച്ചുകൊണ്ടിരിക്കുന്നത്, നിന്നെ കണ്ടും കേട്ടും പിന്നെയും പിന്നെയും മതിയായില്ല എന്ന്?

ഒരു സ്വാർത്ഥമതിയായി ഞാൻ വീണ്ടും എന്തേ പുലമ്പിക്കൊണ്ടിരിക്കുന്നത്, നീ എന്റേത്,  എന്റേത് മാത്രമാണെന്ന്?

എന്നിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് കൃഷ്ണാ ?


ഒരു കള്ളചിരിയോടെ രാധയെ തന്റെ കൈക്കുള്ളിൽ ഒതുക്കി കൃഷ്ണൻ വെളിപ്പെടുത്തി: പ്രിയ രാധേനിന്നിൽ പ്രണയമാണ് സംഭവിക്കുന്നത്പ്രണയമെന്ന പ്രപഞ്ചസത്യം